മെട്രോ നിര്‍മാണസ്ഥലത്ത് ടാക്സ് വെട്ടിച്ച് സര്‍വിസ്; നാല് സ്വകാര്യബസുകള്‍ പിടികൂടി

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണ കമ്പനിയുടെ മറവില്‍ ടാക്സ് വെട്ടിച്ച് സര്‍വിസ് നടത്തിയ നാല് സ്വകാര്യബസുകള്‍ മോട്ടോര്‍ വെഹിക്ക്ള്‍ അധികൃതര്‍ പിടിച്ചെടുത്തു. നിര്‍മാണ കമ്പനിയുടെ തൊഴിലാളികളെ വര്‍ക്ക് സൈറ്റുകളിലേക്ക് കൊണ്ടുവരാനും തിരിച്ച് കൊണ്ടുപോകുന്നതിനുമായി സര്‍വിസ് നടത്തിയ ബസുകളാണ് അധികൃതര്‍ പിടികൂടിയത്. നാലുബസുകള്‍ ആറുമാസമായി നികുതി വെട്ടിച്ചാണ് സര്‍വിസ് നടത്തിയിരുന്നത്. നികുതിയും ഫൈനും ഉള്‍പ്പെടെ നാല് ലക്ഷം രൂപയോളം തിങ്കളാഴ്ച അടച്ചില്ളെങ്കില്‍ കേസ് കോടതിക്ക് കൈമാറുമെന്ന് ആര്‍.ടി.ഒ കെ.എം. ഷാജി അറിയിച്ചു. തൊഴിലാളികളെ സൈറ്റുകളിലേക്ക് കൊണ്ടുവരാന്‍ സബ് കരാര്‍ നല്‍കിയ സോമാ കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് മോട്ടോര്‍ വെഹിക്ക്ള്‍ ഡിപ്പാര്‍ട്മെന്‍റ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സോമാ കണ്‍സ്ട്രക്ഷന്‍ കമ്പനി മെട്രോ നിര്‍മാണം നടത്തുന്ന കലൂര്‍, എം.ജി റോഡ് സൈറ്റുകളിലേക്ക് ചേരാനല്ലൂരിലെ ലയങ്ങളില്‍നിന്നാണ് തൊഴിലാളികളെ കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതും. സോമാ കണ്‍സ്ട്രക്ഷന് സര്‍വിസ് നടത്തിയ സ്വകാര്യ ബസുടമകള്‍ മറ്റൊരു സ്ഥാപനത്തിന്‍െറ പേരില്‍ പ്രൈവറ്റ് സര്‍വിസ് വെഹിക്ക്ള്‍ എന്ന് രജിസ്റ്റര്‍ ചെയ്താണ് ടാക്സ് വെട്ടിപ്പ് നടത്തിയതെന്ന് മോട്ടോര്‍ വെഹിക്ക്ള്‍ അധികൃതര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിനുപകരം മറ്റൊരു സ്ഥാപനത്തിന് സര്‍വിസ് നടത്തി സ്വകാര്യ ബസുടമകള്‍ വന്‍ തുകയാണ് ടാക്സ് വെട്ടിച്ചത്. വെട്ടിപ്പ് നടത്തിയ നാല് സ്വകാര്യബസുകളില്‍ രണ്ടെണ്ണം നിയമാനുസൃത ടാക്സ് പോലും അടച്ചിരുന്നില്ല. ഒരോ ബസും 70,000 മുതല്‍ 80,000 രൂപ വരെ ടാക്സ് വെട്ടിച്ചതായാണ് പ്രഥമികസൂചന. പിടികൂടിയ വാഹനങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാഹന വകുപ്പ് അധികൃതര്‍ മൂന്നുദിവസമായി മെട്രോ നിര്‍മാണസ്ഥലങ്ങളില്‍ പരിശോധന നടത്തിയാണ് ബസുകള്‍ പിടികൂടിയത്. പുലര്‍ച്ചെ തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ രാത്രിയിലാണ് തൊഴിലാളികളുമായി തിരിച്ചുപോകുന്നത്. അതുകൊണ്ട് ടാക്സ് വെട്ടിച്ച് സര്‍വിസ് നടത്തിയ വാഹനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. 200ല്‍പ്പരം തൊഴിലാളികളെയാണ് ദിവസവും ലയങ്ങളില്‍നിന്ന് നിര്‍മാണ സ്ഥലങ്ങളില്‍ എത്തിച്ചിരുന്നത്. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ എ. നൗഫല്‍, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ അയ്യപ്പദാസ് എന്നിവര്‍ ചേര്‍ന്നാണ് വാഹനങ്ങള്‍ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.