വടാട്ടുപാറയില്‍ കാട്ടാനശല്യം രൂക്ഷം

കോതമംഗലം: വടാട്ടുപാറയില്‍ കാട്ടാനശല്യം മൂലം കര്‍ഷകര്‍ വലയുന്നു. ഏറ്റവും ഒടുവില്‍ പുല്‍പറമ്പില്‍ തോമസ് മാത്യുവിന്‍െറ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി രണ്ട് ഏക്കറില്‍ കൃഷിചെയ്തിരുന്ന ഏത്തവാഴകള്‍ നശിപ്പിച്ചു. ജൈവകൃഷിയായി ചെയ്തിരുന്ന വിളവെടുക്കാറായ 1200 വാഴകളാണ് നശിപ്പിച്ചത്. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കാട്ടാനകളുടെയും മൃഗങ്ങളുടെയും ശല്യം കുട്ടമ്പുഴ, വടാട്ടുപാറ മേഖലയില്‍ രൂക്ഷമാണ്. കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് ഒരുവിധ നഷ്ടപരിഹാരവും നല്‍കാന്‍ അധികൃതര്‍ തയാറാകുന്നില്ല. വനാതിര്‍ത്തിയില്‍ ഫെന്‍സിങ് നടത്തുമെന്ന പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങുകയാണ്. ചക്കിമേട്ടില്‍ കാട്ടാന രാത്രിയിലത്തെി മാലിയില്‍ ജയനെ കൊലപ്പെടുത്തിയിട്ട് ഒരു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഇതിനിടെ, പല ദിവസങ്ങളിലും ആനകള്‍ നാട്ടിലത്തെി കൃഷിയും മറ്റും നശിപ്പിക്കുന്നത് തുടരുകയാണ്. ഭീതി പരത്തിയ ആനയെ തുരത്താന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് അധികൃതര്‍ നാട്ടുകാരുമായി ആലോചിക്കുന്നതിന് രണ്ടുതവണ യോഗം വിളിച്ചെങ്കിലും നടപടികള്‍ ഒന്നുമായില്ല. ഇതിനിടെയാണ് കാട്ടനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. കൃഷിനാശത്തിന് വനം വകുപ്പ് അധികൃതര്‍ നഷ്ടപരിഹാരം നല്‍കാറില്ല. റവന്യൂ വകുപ്പ് നല്‍കിവന്നിരുന്ന നഷ്ടപരിഹാര തുകകള്‍ വെട്ടിക്കുറക്കുക കൂടി ചെയ്തതോടെ കര്‍ഷകര്‍ വളരെ ദുരിതത്തിലായിരിക്കുകയാണ്. തോമസ് മാത്യുവിന്‍െറ ഒരുവര്‍ഷത്തെ അധ്വാനവും ഫലവുമാണ് ഒറ്റ രാത്രികൊണ്ട് ആനക്കൂട്ടം തകര്‍ത്തത്. പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.