മഹാബലിയുടെ ആസ്ഥാന നഗരിയില്‍ ഓണം മേളയുടെ സമാപനം

കാക്കനാട്: ഓണം ഘോഷയാത്രയോടെയായിരുന്നു മഹാബലി ചക്രവര്‍ത്തിയുടെ ആസ്ഥാനനഗരിയില്‍ ഓണം മേളയുടെ സമാപനം. ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ച് നടന്ന ഘോഷയാത്ര നഗരവീഥികളെ പുളകംകൊള്ളിച്ചു. മഹാബലിയും പുലികളിയും കഥകളി വേഷങ്ങളും തെയ്യവും കസവുപുടവയുടുത്ത മലയാളി മങ്കമാരും ചേര്‍ന്ന് ജില്ലാ ആസ്ഥാനം കൂടിയായ തൃക്കാക്കരക്ക് ഉത്സവച്ഛായ പകര്‍ന്നു. കാക്കനാട്-സിവില്‍ലൈന്‍ റോഡിന്‍െറ ഇരുവശത്തും തിങ്ങിനിറഞ്ഞ കാണികളുടെ മനസ്സില്‍ ചിന്തകളും വര്‍ണങ്ങളും വാരിവിതറിക്കൊണ്ടാണ് ഓരോ നിശ്ചലദൃശ്യങ്ങളും കടന്നുപോയത്. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ഓലക്കുട ചൂടിയ മാവേലിമാര്‍ പിന്നാലെയത്തെി. പുലികളുടെ വേഷമിട്ടവരും വേട്ടക്കാരും കൂടിയത്തെിയതോടെ കാണികള്‍ക്ക് ആവേശമായി. ഐതിഹ്യത്തിലെ മഹാബലിയുടെ ഭരണസിരാകേന്ദ്രത്തിലെ ഘോഷയാത്ര കാണാന്‍ ദൂരെ സ്ഥലങ്ങളില്‍നിന്നുവരെ ആസ്വാദകരരത്തെി. തലയെടുപ്പുള്ള ഗജവീരന്മാരും കലാവൈവിധ്യത്തിന്‍െറ വേഷപ്പകര്‍ച്ചയുമായി അനേകം പ്രച്ഛന്നവേഷ ധാരികളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്രക്ക് താളക്കൊഴുപ്പേകാന്‍ ബാന്‍ഡ് മേളവും പഞ്ചവാദ്യവും പഞ്ചാരിമേളവും ശിങ്കാരിമേളവും പാണ്ടിമേളവും അകമ്പടിയായി. കാവടി സംഘങ്ങള്‍, ബൊമ്മ, പകല്‍കാഴ്ച, അര്‍ജുനനൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രക്ക് വര്‍ണപ്പകിട്ടേകി. ദേവ-അസുര വേഷങ്ങള്‍, അര്‍ധനാരീശ്വര നൃത്തം എന്നിവയുമുണ്ടായിരുന്നു. കോല്‍ക്കളി, കളരിപ്പയറ്റ് തുടങ്ങിയവ അണിനിരന്ന ഘോഷയാത്രയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും കുടുംബശ്രീ യൂനിറ്റ് അംഗങ്ങളും അങ്കണ്‍വാടി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും ഒത്തുചേര്‍ന്നതോടെ ഘോഷയാത്രക്ക് മാറ്റുകൂട്ടി. തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ ചെമ്പുമുക്കില്‍നിന്നാണ് അത്തച്ചമയം മാതൃകയില്‍ ഘോഷയാത്ര ആരംഭിച്ചത്. കാക്കനാട് ജങ്ഷനില്‍ സമാപിച്ചു. ബെന്നി ബഹനാന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദലി, ഉപാധ്യക്ഷ ഷെറീന ഷുക്കൂര്‍, സംഘാടക സമിതി ഭാരവാഹികളായ വി.ഡി. സുരേഷ്, ഷാജി വാഴക്കാല, സേവ്യര്‍ തായങ്കേരി, നൗഷാദ് പല്ലച്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.