മന്ത്രിബന്ധുക്കളുടെ റോഡ് കൈയേറ്റം: കലക്ടറുടെ ചേംബറിന് മുന്നില്‍ എം.എല്‍.എയുടെ കുത്തിയിരിപ്പുസമരം

കാക്കനാട്: അങ്കമാലി മാര്‍ക്കറ്റ് റോഡിലെ മന്ത്രിബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സിവില്‍ സ്റ്റേഷനില്‍ കലക്ടറുടെ ചേംബറിന് മുന്നില്‍ ജോസ് തെറ്റയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പുസമരം. ഒരുമണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കാമെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം ഉറപ്പുനല്‍കിയതിനത്തെുടന്നാണ് എം.എല്‍.എയും സംഘവും സമരത്തില്‍നിന്ന് പിന്മാറിയത്. അങ്കമാലി നഗരസഭാ പരിധിയില്‍ ദേശീയപാതയും എം.സി റേഡും ബന്ധിപ്പിക്കുന്ന ക്യാമ്പ്ഷെഡ് ലിങ്ക് റോഡിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് എം.എല്‍.എയുടെ ആവശ്യം. 300 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൊതുമരാമത്ത് വകുപ്പിന്‍െറ പഴയ മാര്‍ക്കറ്റ് റോഡാണ് കൈയേറ്റക്കാര്‍ സ്വന്തമാക്കിയതെന്ന് എം.എല്‍.എ പറഞ്ഞു. കൈയേറ്റക്കാര്‍ മന്ത്രിയുടെ ബന്ധുക്കളാണെന്നും എം.എല്‍.എ ആരോപിച്ചു. കൈയേറ്റം ഒഴിപ്പിക്കാന്‍ സ്ഥലം അളക്കാന്‍ എത്തിയ താലൂക്ക് സര്‍വേയറെയും കല്ലിടാന്‍ എത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രിയുടെ ബന്ധുക്കള്‍ തടസ്സപ്പെടുത്തിയതായി അങ്കമാലി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി പറഞ്ഞു. ടെന്‍ഡര്‍ വിളിച്ച് റോഡ് പണിക്ക് കരാറുകാരന്‍ എത്തിയപ്പോള്‍ കച്ചവടക്കാരില്‍ ചിലര്‍ തടസ്സപ്പെടുത്തി. ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുക്കേണ്ട സമയം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം നടത്താന്‍ നിര്‍ബന്ധിതരായതെന്ന് എം.എല്‍.എ പറഞ്ഞു.ചൊവ്വാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ച സമരം രണ്ടരക്ക് കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചതോടെയാണ് അവസാനിച്ചത്. പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും എതിര്‍കക്ഷികളുടെ വാദം കൂടി കേട്ട ശേഷം തീരുമാനം എടുക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായി എല്‍.എല്‍.എ അറിയിച്ചു. അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, നഗരസഭയിലെ 16 ഇടതുപക്ഷ കൗണ്‍സിലര്‍മാരും സി.പി.എം നേതാക്കളും എം.എല്‍.എയോടൊപ്പം സമരത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.