സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപത്തെ നടപ്പാത കൈയടക്കി പരസ്യബോര്‍ഡുകള്‍

കാലടി: കാലടി സ്വകാര്യ ബസ്സ്റ്റാന്‍ഡിനടുത്തുള്ള നടപ്പാത പരസ്യ ബോര്‍ഡുകള്‍ കൈയടക്കിയത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നടപ്പാതക്ക് മുകളില്‍ ഇരുമ്പ് പൈപ്പുകളും മുളവടികളും സ്ഥാപിച്ച് കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ആദിശങ്കര കീര്‍ത്തിസ്തംഭത്തിന് എതിര്‍വശത്ത് അങ്കമാലി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ തിരിഞ്ഞ് സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കുന്ന ഭാഗത്ത് വെച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡ് അപകടഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ല. ശബരിമല തീര്‍ഥാടകരുടെ വിശ്രമകേന്ദ്രവും ബസ് സ്റ്റാന്‍ഡിന് സമീപമാണ്. സംസ്കൃത സര്‍വകലാശാലയടക്കമുള്ള വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളും സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാരും ദിനേന ഇതുവഴി പോകുന്നുണ്ട്. വഴിവിളക്കുകള്‍ തെളിയാത്തതിനാല്‍ നേരം ഇരുട്ടിയാല്‍ ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന കാല്‍നടക്കാര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച മുളവടികളില്‍ തട്ടി വീഴാറുണ്ട്. യാത്രക്കാര്‍ക്ക് ദുരിതമാകുന്ന ബോര്‍ഡുകള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.