കഞ്ചാവ് വില്‍പന: സ്പെഷല്‍ സ്ക്വാഡിന്‍െറ അന്വേഷണം തമിഴ്നാട്ടിലേക്കും

നെടുമ്പാശ്ശേരി: സംസ്ഥാനത്തേക്ക് തമിഴ്നാട്ടില്‍നിന്ന് വന്‍ തോതില്‍ കഞ്ചാവ് കയറ്റി അയക്കുന്നത് മൂന്നാര്‍ അതിര്‍ത്തിപ്രദേശമായ തമിഴ്നാട്ടിലെ ബോധി സ്വദേശിനി അക്കയെന്ന സ്ത്രീയാണെന്ന് കണ്ടത്തെി. തുടര്‍ന്ന് തമിഴ്നാട് എക്സൈസുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കാന്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് തീരുമാനിച്ചു. ഇതിനുമുമ്പ് പെരുമ്പാവൂര്‍ സ്വദേശിയായ അഷറഫും ഇയാളുടെ മാതാവും ചേര്‍ന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചത് അക്കയില്‍നിന്നാണെന്ന് മൊഴിനല്‍കിയിരുന്നു. കഴിഞ്ഞദിവസം തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ പിടിയിലായ തമ്മനം സ്വദേശി സോണി ജോസഫിനെ ചോദ്യംചെയ്തപ്പോഴും അക്കയുടെ പേരാണ് പറഞ്ഞത്. ഇവരുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചെങ്കിലും കഞ്ചാവ് പതിവായി വാങ്ങുന്നവരുടെ നമ്പര്‍ മാത്രമെ ഇവര്‍ സ്വീകരിക്കൂ. ബിഹാര്‍, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചും തേനി മേഖലയിലും മറ്റും കൃഷിനടത്തിയുമാണ് അക്ക കഞ്ചാവ് സംഭരിക്കുന്നത്. ഇവരുടെ യഥാര്‍ഥ പേര് വെളിപ്പെട്ടിട്ടില്ല. ഇവരുടെ വീട്ടില്‍ പ്രത്യേകമായി ഓരോ കിലോയുടെ പാക്കറ്റിലാക്കിയാണ് വില്‍പന നടത്തുന്നത്. 11000 രൂപക്ക് അവിടെനിന്ന് ഒരുകിലോ കഞ്ചാവ് ലഭിക്കും. ഇത് 35000 രൂപക്ക് സോണി ജോസഫ് പലര്‍ക്കും വില്‍പന നടത്തുന്നത്. തൃപ്പൂണിതുറ, വൈറ്റില, പുല്ളേപ്പടി മേഖലയിലുള്ള നിരവധി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഫോണ്‍ നമ്പറുകള്‍ സോണിജോസഫിന്‍െറ ഫോണിലുണ്ടായിരുന്നു. ഈ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തിയാണ് വിദ്യാലയങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.