ഗള്‍ഫില്‍ ജോലി തട്ടിപ്പിന് ഇരയായ യുവാക്കള്‍ക്ക് മര്‍ദനം: പൊലീസുകാരനടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

കായംകുളം: മികച്ച ജോലി വാഗ്ദാനം നല്‍കി സൗദിയിലത്തെിച്ച യുവാക്കള്‍ തട്ടിപ്പിനിരയാവുകയും ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവരുകയും ചെയ്ത സംഭവത്തില്‍ പൊലീസുകാരനടക്കം മൂന്നുപേര്‍ക്കെതിരെ കേസ്. ഹരിപ്പാട് കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (29), മുട്ടം മലമേല്‍കോട് അഞ്ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിയന്നല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍ കുമാര്‍ (36) എന്നിവരാണ് സൗദി അബഹയില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായത്. കെട്ടിടനിര്‍മാണ സ്ഥാപനത്തില്‍ മികച്ച ജോലി വാഗ്ദാനം ചെയ്താണ് വിസ നല്‍കിയത്. ഇലക്ട്രീഷനും മെക്കാനിക്കുമായി എത്തിയവര്‍ക്ക് ഇഷ്ടിക ചുമക്കലാണ് ലഭിച്ചത്. ഇതിനെതിരെ പരാതി പറഞ്ഞപ്പോഴാണ് മൂവരും സ്പോണ്‍സറുടെയും വിസ നല്‍കിയ ആളിന്‍െറയും ക്രൂരപീഡനത്തിന് ഇരകളായത്. ബെല്‍റ്റിന് അടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തതോടെയാണ് ഇവരുടെ ദുരിതജീവിതം പുറത്തറിഞ്ഞത്. പീഡനം സഹിക്കാനാകാതെ സ്ഥാപനത്തില്‍നിന്ന് രക്ഷപ്പെട്ട മൂവരും മലയാളിയുടെ കടയില്‍ അഭയം തേടിയിരിക്കുകയാണെന്നാണ് വീട്ടില്‍ ലഭിച്ച വിവരം. പമ്പ് ഓപറേറ്റര്‍ വിസയില്‍ രണ്ടുമാസം മുമ്പ് ബൈജുവാണ് ആദ്യം സൗദിയിലേക്ക് പോയത്. പിന്നീട് ഇലക്ട്രീഷനായി ബിമലും മെക്കാനിക്കല്‍ ട്രേഡില്‍ അഭിലാഷും എത്തി. റിയാദില്‍ നാലുവര്‍ഷം പമ്പ് ഓപറേറ്ററായി പ്രവര്‍ത്തിച്ച ബൈജു മെച്ചപ്പെട്ട വേതനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ വിസയില്‍ പോകാന്‍ തയാറായത്. എന്നാല്‍, ജോലിസ്ഥലത്ത് എത്തിയപ്പോള്‍ കേടായ ഒരു പമ്പ് മാത്രമാണ് ഉണ്ടായിരുന്നത്. പമ്പ് ശരിയാക്കുന്നതുവരെ ശമ്പളം നല്‍കുമെന്ന് ആദ്യം അറിയിച്ച കമ്പനി ഉടമകള്‍ പിന്നീട് ഇഷ്ടികക്കും ചെടിക്കും വെള്ളമടിക്കുന്ന പണിയാണ് നല്‍കിയതെന്ന് ബന്ധുക്കളെ അറിയിച്ചു. പിന്നാലെ എത്തിയ അഭിലാഷിനും ബിമലിനും ഇതേ ജോലി ലഭിച്ചതോടെയാണ് പ്രതിഷേധമുയര്‍ത്തിയതെന്നും ഇതില്‍ പ്രകോപിതരായാണ് മര്‍ദിച്ചതെന്നുമാണ് ഇവര്‍ വീട്ടുകാരെ അറിയിച്ചത്. ഇതിനിടെയാണ് മര്‍ദനദൃശ്യം രഹസ്യമായി മൊബൈലില്‍ പകര്‍ത്തി നാട്ടിലേക്ക് അയച്ചത്. പാസ്പോര്‍ട്ടും രേഖകളുമില്ലാതെ രക്ഷപ്പെട്ട ഇവര്‍ നാട്ടിലത്തൊനാകാതെ വലയുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആറാട്ടുപുഴ സ്വദേശിയായ ഷംനാസാണ് വിസ നല്‍കിയതെന്ന് ബന്ധുക്കള്‍ കായംകുളം സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന വിനോദ് കുമാര്‍, കായംകുളം സ്വദേശി ഷിബുമോന്‍ എന്നിവരാണ് നാട്ടില്‍ വിസ കച്ചവടത്തിന് കൂട്ടുനിന്നതെന്നും പറയുന്നു. സംഭവത്തിനുശേഷം ഷംനാസിനെ ബന്ധപ്പെട്ടപ്പോള്‍ കേസ് പിന്‍വലിച്ചാല്‍ അവരെ കയറ്റിവിടാമെന്നും ഇതിന് ഒന്നേമുക്കാല്‍ ലക്ഷം രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. അഭിലാഷ്, ബിമല്‍ എന്നിവരുടെ വിസ ഇടപാടിലാണ് വിനോദ് കുമാര്‍ ബന്ധപ്പെട്ടത്. ഇവിടെ നല്‍കിയ കമ്പനി വിലാസത്തില്‍ വിനോദിന്‍െറ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ചതോടെ അഞ്ചുദിവസം മുമ്പ് വിനോദ് കുമാറിനെ രഹസ്യമായി സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി കായംകുളം സി.ഐ ഉദയഭാനു പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.