റഫി ഗാനങ്ങളാല്‍ മട്ടാഞ്ചേരിയിലെ വീടുകളില്‍ അനുസ്മരണം

മട്ടാഞ്ചേരി: വിഖ്യാത ഗായകന്‍ മുഹമ്മദ് റഫിയുടെ ഓര്‍മകള്‍ നെഞ്ചിലേറ്റി മട്ടാഞ്ചേരിയിലെ സംഗീത പ്രേമികള്‍. പ്രിയഗായകന്‍ വേര്‍പിരിഞ്ഞ് മൂന്നര പതിറ്റാണ്ട് തികയുന്നദിവസം മട്ടാഞ്ചേരിയിലെ വീടുകളില്‍നിന്ന് രാവിലെ മുതല്‍ റഫിയുടെ ഗാനങ്ങള്‍ ഉയര്‍ന്നു. ചേരികള്‍ക്ക് മുന്നിലൂടെ രാവിലെ കടന്നുപോയ യാത്രികര്‍ വീടുകളില്‍നിന്ന് ഉയരുന്ന റഫിയുടെ വൈവിധ്യങ്ങളായ ഗാനങ്ങള്‍ കേട്ടുവേണമായിരുന്നു കടന്നുപോകാന്‍. ഒരുവീട്ടില്‍ നിന്നും റഫിയുടെ റൊമാന്‍റിക് ഗാനം ഉയര്‍ന്നപ്പോള്‍ അടുത്ത വീടുകളില്‍നിന്നും ഗസലും ക്ളാസിക്കല്‍ സംഗീതവുമൊക്കെ ഉയര്‍ന്നു. സംഗീതത്തെ എന്നും മാറോടണച്ച് സ്നേഹിക്കുന്ന മട്ടാഞ്ചേരി നിവാസികള്‍ക്ക് റഫിയുടെ വേര്‍പാട് ഇന്നും മറക്കാനാകുന്നില്ല. റാഫിയുടെ ഒരു ഗാനമെങ്കിലും കേള്‍ക്കാതെ പഴയ തലമുറക്ക് ഉറക്കം വരില്ല. പുതിയ തലമുറയും അതില്‍ നിന്നും വ്യത്യസ്തമല്ല. കൊച്ചിക്കാരനായ എച്ച്. മെഹബൂബ് എന്ന ജനകീയ ഗായകനും മുഹമ്മദ് റഫിയും മട്ടാഞ്ചേരിയുടെ മനസ്സ് കീഴടക്കിയത് മധുര മനോഹരങ്ങളായ ഗാനങ്ങളിലൂടെയാണ്. റഫിയുടെ 36ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു. ആലാപന സദസ്സുകളും സംഘടിപ്പിച്ചു. ഫോര്‍ട്ട്കൊച്ചി കല്‍വത്തിയില്‍ മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ ആഭിമുഖ്യത്തില്‍ റഫി ഗാനസന്ധ്യ സംഘടിപ്പിച്ചു. മട്ടാഞ്ചേരി സാര്‍ക്ക് കൊച്ചിയുടെ ആഭിമുഖ്യത്തില്‍ റഫി ഗാനസ്മൃതിയും പുതിയറോഡ് മോഡി ബാത്തിന് സമീപം ഗീത് പുരാണത്തിന്‍െറ ആഭിമുഖ്യത്തില്‍ റഫി ഗാനങ്ങളുടെ ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും നടന്നു. വെള്ളിയാഴ്ച മട്ടാഞ്ചേരി റഫി ഗാനങ്ങളാല്‍ മുഖരിതമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.