കാഞ്ഞങ്ങാട്: നാടിന്റെ ജൈവ സംസ്കൃതി തിരിച്ചു പിടിക്കാൻ ഒരുമിച്ച് കൊടവലം ഗ്രാമവാസികൾ. കാവുകളുടെയും കുന്നുകളുടെയും ദേശമായ ഗ്രാമത്തിലെ കൊടവലം മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വമേകുന്നത്. നാശത്തിന്റെ വക്കിലെത്തിയ ആറ് കാവുകളുടെ ജൈവ വൈവിധ്യ സംരക്ഷണമാണ് കൊടവലം മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നത്. പൗരാണിക കാലം തൊട്ട് തന്നെ കൊടവലം ക്ഷേത്രത്തിന്റെ കീഴിലായിരുന്ന നാരായണിക്കാവ്, ശങ്കരൻക്കാവ്, മുളവിന്നൂർക്കാവ്, പരതാളിക്കാവ്, തച്ചർക്കാവ്, പോതീരെ കാവ് എന്നിവിടങ്ങളാണ് വനവൽക്കരണവും സംരക്ഷണവും നടത്തുന്നത്. അന്യംനിന്ന് പോകുന്ന വൃക്ഷലതാതികളെ കാവുകളിൽ നട്ട് സംരക്ഷിക്കുകയാണ് ചെയ്യന്നത്.. അത്തി, ഇത്തി, ആൽ, അരയാൽ, വഹ്നി, മരുത്, ഇലഞ്ഞി, ചാക്കൊട്ട, കൂവളം തുടങ്ങിയ വൃക്ഷതൈകളാണ് നട്ടത്. . കാട്ടുമൂർത്തിയുടെ ആരൂഢ സ്ഥാനമായ എടമുണ്ടയിലെ പരതാളിക്കാവിൽ വൃക്ഷ തൈകളുടെ നടീൽ നടന്നു. അരയേക്കറിലധികം വിസ്തൃതിയുള്ള കാവിൽ നൂറിലധികം മരത്തൈകളാണ് നട്ടത്. പക്ഷിമൃഗാദികൾക്ക് ആഹാരമില്ലാതാകുന്ന വരും കാലം മുന്നിൽ കണ്ട് മാവ്, പ്ലാവ്, തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്. കൊടവലം ക്ഷേത്രത്തിന്റെ കീഴിൽ വിവിധ പ്രാദേശിക സമിതികൾ രൂപീകരിച്ചാണ് കാവുകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. പാട്ട്യമ്മേ രടുക്കം പ്രാദേശിക സമിതിയാണ് പരതാളിക്കാവിന്റെ സംരക്ഷണം നടത്തുന്നത്. കാവ് വനവൽക്കരിക്കുന്നതോടൊപ്പം അടുത്ത ഘട്ടമായി വീട്ടുപറമ്പിലും ചെറു വനതുരുത്തുകൾ ഒരുക്കാൻ ക്ഷേത്ര നവീകരണ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് ക്ഷേത്ര നവീകരണ കമ്മിറ്റി ജനറൽ കൺവീനർ ടി.പി. രാമചന്ദ്രൻ, ചെയർമാൻ എൻ. ബാലകൃഷ്ണൻ, വർക്കിങ് ചെയർമാൻ ദാമോദരൻ നായർ, കൺവീനർമാരായ എം.ശ്രീധരൻ നമ്പ്യാർ, എം. സുരേഷ്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി മുങ്ങത്ത് ശ്രീനിവാസൻ, പ്രസിഡന്റ് കെ. ഉപേന്ദ്ര വാര്യർ തുടങ്ങിയവർ നേതൃത്വമേകി. 0 kodavalam കൊടവലം ഗ്രാമവാസികളുടെ നേതൃത്വത്തിലുള്ള കാവ് സംരക്ഷണപ്രവൃത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.