ലോക്​ഡൗൺ: ജകാർത്തയിൽ കുടുങ്ങിയ മലയാളികളിൽ തളങ്കര സ്വദേശികളും

ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെ ദുരിതത്തിലായിട്ട് മൂന്നുമാസം കാസർകോട്: ഇന്തോനേഷ്യയിലെ ജകാർത്തയിൽ ലോക്ഡൗണിൽ കുടുങ്ങിയ മലയാളികൾക്കൊപ്പം തളങ്കര സ്വദേശികളും. ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെ ദുരിത ജീവിതത്തിലായിട്ട് മൂന്നുമാസം പിന്നിടുന്നു. സന്ദർശക വിസയിലും ചെറിയ ജോലിക്കായും എത്തിയ നൂറിലധികം മലയാളികളടക്കമുള്ളവർ ദുരിതത്തിലാണെന്ന് തളങ്കര സ്വദേശി നവാസ്, തെരുവത്തെ സുബൈർ എന്നിവർ പറഞ്ഞു. ഇരുവരും മാസങ്ങൾക്കുമുമ്പാണ് ജോലിക്കായി ഇന്തോനേഷ്യയിൽ എത്തിത്. പലരും നാട്ടിൽ വരാനുള്ള തയാറെടുപ്പിനിടെയാണ് കോവിഡ് വ്യാപനമുണ്ടായത്. തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ അധികൃതർ നിർത്തി. വിമാന സർവിസുകൾ ശരിയാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും കഴിഞ്ഞിരുന്നത്. കൈയിലുണ്ടായിരുന്ന പണം തീർന്നതോടെ പലരും പ്രതിസന്ധിയിലായി. ഇന്തോനേഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവിസുകളില്ല. മലേഷ്യയിലേക്കാണ് സർവിസ്. വലിയ ബോയിങ് വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള സാമ്പത്തിക പ്രയാസവുമുണ്ട്. ഒരാൾക്ക് ഒന്നര ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ ഇതിനായി കരുതേണ്ടി വരും. ഭക്ഷണം വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിൽ പലർക്കും ഇത് ചിന്തിക്കാവുന്ന കാര്യമല്ല. കേരള സമാജം ഭാരവാഹികൾ സഹായത്തിന് മുൻപന്തിയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ എന്നിവർക്ക് ഇ-മെയിൽ സന്ദേശം അയച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ പേഴ്സനൽ സെക്രട്ടറിയുമായി ബന്ധപ്പെടാൻ നിർദേശം കിട്ടിയതായി നവാസ് പറഞ്ഞു. മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ഇന്തോനേഷ്യയിലുണ്ട്. ഭൂരിഭാഗവും ഉയർന്ന ജോലിയിലും കുടുംബസമേതവുമാണ് കഴിയുന്നത്. ഒറ്റപ്പെട്ടവരെ ചേർത്തുനിർത്തി ഇപ്പോൾ 'ഇന്ത്യൻ സിറ്റിസൺ' എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിൽ ഇന്ത്യൻ എംബസിയുടെ നമ്പറും ചേർത്തിട്ടുണ്ട്. ഇതിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഉടൻ നാടണയാനുള്ള പ്രതീക്ഷയിൽ അധികൃതരുടെ കനിവ് തേടുകയാണ് ഇൗ സംഘം. ksd jakartha കാസർകോട് സ്വദേശികളായ നവാസ്, സുബൈർ എന്നിവർ സുഹൃത്തുക്കളോടൊപ്പം ജകാർത്തയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.