ദക്ഷിണ കന്നഡയിലേക്ക് പാസ് അനുവദിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ ധാരണ

കാസർകോട്: ജില്ലയിൽനിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് ജോലിക്കും വ്യാപാരത്തിനും ദിവസവും പോയിവരുന്ന ആൾക്കാർക്ക് പാസ് അനുവദിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ദക്ഷിണ കന്നഡ ജില്ല ഭരണകൂടവും ബി.ജെ.പി നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലപ്പാടി അതിർത്തിയിൽ നടത്തിയ പ്രതിഷേധ സത്യഗ്രഹത്തെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ എം.എൽ.എമാരായ വേദവ്യാസ കാമത്ത്, ഡോ. ഭരത് ഷെട്ടി എന്നിവർ വിളിച്ചുകൂട്ടിയ മധ്യസ്ഥചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ഇരുകൂട്ടരും തമ്മിൽ ഉണ്ടാക്കിയ ധാരണയനുസരിച്ച് ദിവസവും ജോലിക്ക് പോകുന്ന എല്ലാ അർഹരായിട്ടുള്ളവർക്കും പാസ് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ലോക്‌ഡൗണിനെ തുടർന്ന് റോഡുകൾ അടച്ചതിനാൽ ഒറ്റപ്പെട്ട ജില്ലയിലെ ഗ്രാമങ്ങളുടെ ഗതാഗതപ്രശ്നങ്ങൾ പരിശോധിച്ചു പരിഹരിക്കാൻ നടപടി സ്വീകരിക്കാനും ധാരണയായി. കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളിലൂടെ തദ്ദേശീയർക്ക് യാത്രാനുമതി നൽകുന്നത് സംബന്ധിച്ച് പരിശോധിക്കാമെന്നും ചർച്ചയിൽ ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഇതിനായി പുത്തൂർ സുള്ള്യ മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടാനും ധാരണയായി. ദക്ഷിണ കന്നഡ ജില്ല അസി. കമീഷണർ മദൻമോഹൻ, എ.സി.പി കോദണ്ഡ രാമ, മംഗളൂരു മേയർ ദിവാകര, കോർപറേറ്റർ സുധീർ ഷെട്ടി, ബി.ജെ.പി ദക്ഷിണ കന്നഡ ജില്ല പ്രസിഡൻറ് എം. സുദർശന, കാസർകോട് ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്, ജില്ല ജനറൽ സെക്രട്ടറി എം. സുധാമ ഗോസാഡ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നേരേത്ത കുഞ്ചത്തൂർ ചെക്ക് പോസ്റ്റിൽനിന്ന് ആരംഭിച്ച മാർച്ച് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് മണികണ്ഠ റൈ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.