എന്‍ഡോസള്‍ഫാന്‍ ഇരയുടെ കുടുംബത്തിന് ജപ്തിഭീഷണി

ബദിയടുക്ക: പട്ടികജാതി വിഭാഗത്തില്‍പെട്ട എന്‍ഡോസള്‍ഫാന്‍ ഇരയുടെ കുടുംബം താമസിക്കുന്ന കുടിലിന് ജപ്തിഭീഷണി. ബദിയടുക്ക അഞ്ചാം വാര്‍ഡില്‍ പര്‍ത്തിക്കാര്‍ കോളനിയിലെ ചൈതന്യയും കുടുംബവും താമസിക്കുന്ന കുടിലിനാണ് വില്ളേജ് അധികൃതരുടെ ജപ്തി നോട്ടീസ് ലഭിച്ചത്. ചൈതന്യയുടെ പിതാവും വികലാംഗനുമായ ബാബു(58) 2010ല്‍ കോഴിവളര്‍ത്തലിന് പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷനില്‍നിന്ന് വായ്പയെടുത്തിരുന്നു. ഇതിന്‍െറ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചതാണ് നടപടിക്ക് കാരണമായത്. പ്രതിമാസം 800 രൂപ അടക്കുമെന്ന വ്യവസ്ഥയില്‍ 39,000 രൂപയാണെടുത്തിരുന്നത്. എന്നാല്‍, കോഴികള്‍ ചത്തൊടുങ്ങിയതോടെ വരുമാനമില്ലാത്തതിനാല്‍ മൂന്നു ഗഡുക്കള്‍ മാത്രമാണ് അടച്ചത്. വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് 2017 ഫെബ്രുവരി ഒന്നിന് ബാബു നിവേദനം നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിക്കുന്നതിനുമുമ്പാണ് ബദിയടുക്ക വില്ളേജ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. വൈദ്യുതിയോ റോഡ് സൗകര്യമോ ഇല്ലാത്ത സ്ഥലത്ത് ഓടുമേഞ്ഞ കൊച്ചുകൂരയിലാണ് കുടുംബത്തിന്‍െറ താമസം. വികലാംഗനായ ബാബുവിന് ജോലിക്കുപോകാന്‍ കഴിയുന്നില്ല. ഭാര്യ ലളിത ബീഡി തെറുത്തും ഏകമകള്‍ ചൈതന്യ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ലഭിക്കുന്ന പ്രതിമാസ പെന്‍ഷനുമാണ് ജീവിതമാര്‍ഗം. ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ഇവര്‍ക്ക് വീടിനായി 2010-11 സാമ്പത്തികവര്‍ഷം പഞ്ചായത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതില്‍നിന്ന് ലഭിച്ച 45,000 രൂപ ഉപയോഗിച്ച് പകുതി ചുമര്‍വരെ നിര്‍മിച്ചു. റോഡ് സൗകര്യമില്ലാത്തതിനാല്‍ ചെങ്കല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടിയതോടെ വീടുപണി നിലച്ചിരിക്കുകയാണ്. വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ പാടുപെടുമ്പോഴാണ് ജപ്തിയുമായി അധികൃതര്‍ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.