പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും കാസർകോട്ട് നഗരത്തിൽ നടത്തിയ റൂട്ട് മാർച്ച്
കാഞ്ഞങ്ങാട്: ജില്ലയിൽ നിരവധി പ്രശ്നബാധിത ബൂത്തുകൾ. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലും എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും നിരവധി പ്രശ്നബാധിത ബൂത്തുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകൾ, അതി പ്രശ്നബാധിത ബൂത്തുകൾ എന്നിങ്ങനെ രണ്ടുതരമായി ബൂത്തുകളെ തരംതിരിച്ച് രഹസ്യാന്വേഷണ വിഭാഗം ജില്ല പൊലീസ് മേധാവിക്ക് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.
മുൻ തെരഞ്ഞെടുപ്പുകളിൽ കണ്ടെത്തിയ പ്രശ്നബാധിത ബൂത്തുകൾക്ക് പുറമെ പ്രശ്നങ്ങൾക്ക് സാധ്യതയുള്ള പുതിയ ബൂത്തുകളെകൂടി ഇന്‍റലിജൻസ് വിഭാഗം കണ്ടെത്തി പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പ്രശ്നബാധിതമായി കണ്ടെത്തിയ ബൂത്തുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് സുരക്ഷ കർശനമാക്കും. ഇവിടങ്ങളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. വോട്ടെടുപ്പിന് തലേദിവസം മുതൽ ഇത്തരം ബൂത്തുകൾ പൊലീസ് നിരീക്ഷണത്തിലാകും.
ജില്ലയിലെ പൊലീസ് സേനക്ക് പുറമെ മറ്റ് ജില്ലകളിൽനിന്ന് കൂടുതൽ പൊലീസ് സേനയെ എത്തിക്കും. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ പ്രശ്നബാധിത ബൂത്തുകളിൽ വിന്യസിക്കും. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തപ്പോഴും എവിടെയും കാര്യമായ സംഘർഷമുണ്ടാകാതിരുന്നത് ആശ്വാസം പകരുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ വിവിധ സ്ഥാനാർഥികളുടെ പ്രചാരണ പോസ്റ്ററുകൾ കീറി നശിപ്പിച്ചിരുന്നെങ്കിലും സംഘർഷമുണ്ടായില്ല.
തിങ്കളാഴ്ച മുതൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കർണാടക അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ദിവസങ്ങൾക്കുമുമ്പുതന്നെ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ മറവിൽ ജില്ലയിലേക്ക് വ്യാപകമായി മദ്യമെത്താനുള്ള സാധ്യതയും മുൻകൂട്ടി കാണുന്നുണ്ട്. സ്ഥാനാർഥികളുടെ പോസ്റ്റ് കീറിയതുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ്, നീലേശ്വരം, ചന്തേര, ബേക്കൽ, ബേഡകം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. തെരഞ്ഞെടുപ്പ് ദിവസം സംഘർഷമുണ്ടായാൽ കർശനമായി നേരിടാനാണ് പൊലീസിന് നിർദേശം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കം പൂര്‍ത്തിയായെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍. വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് കഴിഞ്ഞ് സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച ഇവ വിതരണ കേന്ദ്രങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുയന്ത്രങ്ങളുടെ വിതരണത്തിനായി ആറ് ബ്ലോക്ക് പഞ്ചായത്തുതലത്തിലും മൂന്ന് മുനിസിപ്പാലിറ്റിതലത്തിലും ഒമ്പത് സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
119 പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനമുണ്ട്. എല്‍.എസ്.ജി.ഡി ജോ. ഡയറക്ടറുടെ കാര്യാലയത്തിലാണ് ജില്ലതല വെബ് കാസ്റ്റിങ് മോണിറ്ററിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ബൂത്തുകളില്‍ സംശയം തോന്നുന്ന പക്ഷം സ്ഥാനാർഥികള്‍ പണമടച്ചാല്‍ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. 11ന് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ആറിനുള്ളിൽ ബൂത്ത് പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കും.
ജില്ലയില്‍ ആകെ 1370 പോളിങ് സ്റ്റേഷനുകളും ആകെ 11,12,190 വോട്ടര്‍മാരുമുണ്ട്. ഇതിൽ 5,24,022 പുരുഷ വോട്ടര്‍മാരും 5,88,156 സ്ത്രീ വോട്ടര്‍മാരും 12 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും 129 പ്രവാസി വോട്ടര്‍മാരുമാണുള്ളത്. 6584 പോളിങ് ഉദ്യോഗസ്ഥരില്‍ 3995 വനിത ഉദ്യോഗസ്ഥരും 2589 പുരുഷ ഉദ്യോഗസ്ഥരുമുണ്ട്. സ്ത്രീകള്‍ മാത്രം പോളിങ് ഉദ്യോഗസ്ഥരായിട്ടുള്ള 179 ബൂത്തുകളുമുണ്ട്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ജില്ലയിൽ 66,871 വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി. ഇതിൽ മരിച്ച 18,007 വോട്ടർമാരും ഉൾപ്പെടും. 20,246 വോട്ടുകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇരട്ടവോട്ടുകളുള്ള 2046 പേരും പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്. അപേക്ഷ ഫോറം നൽകാൻ 3664 വോട്ടർമാർ ഇനിയും ബാക്കിയുണ്ട്. എല്ലാംകൂടി 66,871 വോട്ടർമാരാണ് എസ്.ഐ.ആർ പരിഷ്കരണത്തിൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവായത്.
ജില്ലയിലെ സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 13 ഡിവൈ.എസ്.പിമാര്‍, 29 ഇന്‍സ്പെക്ടര്‍മാര്‍, 184 എസ്.ഐ, എ.എസ്.ഐമാര്‍, 2100 എസ്.പി.ഒ, സി.പി.ഒമാര്‍. കൂടാതെ, 467 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെയും നിയമിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ബംഗളൂരുവില്‍നിന്ന് ഒരു കമ്പനി സി.ആര്‍.പി-ആര്‍.എ.എഫ് ഫോഴ്‌സും പ്രവര്‍ത്തിക്കും. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഓരോ പൊലീസ് സ്റ്റേഷന്‍തലത്തിലും ഒരു സ്ട്രൈക്കിങ് ഫോഴ്‌സും എട്ട് ഇലക്ഷന്‍ സബ് ഡിവിഷന്‍തലത്തിലും ജില്ലതലത്തിലും പല സ്ട്രൈക്കിങ് ഫോഴ്‌സും പ്രവര്‍ത്തിക്കും.
ജില്ലയില്‍ 436 ബൂത്തുകള്‍ സെന്‍സിറ്റിവ് ബൂത്തുകളായും 97 ബൂത്തുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളായും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിക്കും. പ്രശ്നബാധിത മേഖലകളില്‍ റൂട്ട് മാര്‍ച്ചുകള്‍ നടത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍: 94979 28000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.