കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തുടരുമെന്ന കാര്യത്തിൽ അവർക്ക് തെല്ലും സംശയമില്ല. അതേസമയം, കൂടുതൽ സീറ്റ് നേടി നില മെച്ചപ്പെടുത്താനാകുമെന്നാണ് യു.ഡി.എഫ് -ബി.ജെ.പി കണക്കുകൂട്ടൽ. ബന്തടുക്ക, കുറ്റിക്കോൽ, ബേഡഡുക്ക, ദേലമ്പാടി, മുളിയാർ, കുമ്പഡാജെ, കാറഡുക്ക, ബെള്ളൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കാറഡുക്ക ബ്ലോക്ക്. ഇവിടെ കുമ്പഡാജെ, പടുപ്പ് ഡിവിഷനുകളിലാണ് കൂടുതൽപേർ മത്സരരംഗത്തുള്ളത്.
മൊവ്വാർ, ബെള്ളൂർ, ആദൂർ, ദേലംപാടി, അഡൂർ, കുറ്റിക്കോൽ, മുന്നാട്, കുണ്ടംകുഴി, കൊളത്തൂർ, പൊവ്വൽ, മുളിയാർ, കാറഡുക്ക എന്നീ ഡിവിഷനുകളിൽ പ്രധാനമായും ശക്തമായ ത്രികോണ മത്സരമാണുള്ളത്.
പുനർവിഭജനത്തിനുശേഷം 13 ഡിവിഷനുകൾ ഉണ്ടായിരുന്നത് 14 ആയി മാറി. മൊവ്വാർ, കുമ്പഡാജെ, ബെള്ളൂർ, ആദൂർ, ദേലമ്പാടി, അഡൂർ, കുറ്റിക്കോൽ, പടുപ്പ്, മുന്നാട്, കുണ്ടംകുഴി, കൊളത്തൂർ, പൊവ്വൽ, മുളിയാർ, കാറഡുക്ക എന്നിവയാണ് ഡിവിഷനുകൾ. കുണ്ടംകുഴി ഇത്തവണ പട്ടികജാതി സംവരണവും ദേലമ്പാടി പട്ടികവർഗ സംവരണവും ബെള്ളൂർ, ആദൂർ, അഡൂർ, കൊളത്തൂർ, പൊവ്വൽ, മുളിയാർ, കാറഡുക്ക എന്നിവ വനിതസംവരണവുമാണ്.
23 വനിതകളും 21 പുരുഷന്മാരുമടക്കം 44 പേർ അങ്കത്തട്ടിലുണ്ട്. എൽ.ഡി.എഫിന് 12 ഡിവിഷനുകളിൽ സി.പി.എം സ്ഥാനാർഥികളാണ്. മൊവ്വാർ, പൊവ്വൽ എന്നിവിടങ്ങളിൽ സി.പി.ഐയും മത്സരിക്കുന്നു. അതേസമയം, യു.ഡി.എഫിൽ 12 ഇടങ്ങളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. യു.ഡി.എഫ് ഘടകകക്ഷികളായ കോൺഗ്രസും ലീഗും പരസ്പരം മത്സരിക്കുന്നു എന്നതും പ്രത്യേകം പറയേണ്ടതാണ്. പടുപ്പ് ഡിവിഷനിലാണ് കൈയും ഏണിയും പോരടിക്കുന്നത്. ഇവിടെ ബി.ജെ.പി, സി.പി.എം സ്ഥാനാർഥികളും രംഗത്തുണ്ട്. പടുപ്പിനെ കൂടാതെ ബെള്ളൂരിലും മുളിയാറിലും ലീഗ് സ്ഥാനാർഥികളുണ്ട്.
ബി.ജെ.പിക്ക് 14 ഡിവിഷനിലും സ്ഥാനാർഥികളുണ്ട്. കാറഡുക്ക ബ്ലോക്ക് കഴിഞ്ഞതവണ എൽ.ഡി.എഫിന്റെ കൈയിലായിരുന്നു. ദേലമ്പാടി, അഡൂർ, കുറ്റിക്കോൽ, ബേഡകം, കുണ്ടംകുഴി, പെർളടുക്കം, കാറഡുക്ക എന്നീ ഏഴു സീറ്റാണ് സി.പി.എമ്മിനുണ്ടായിരുന്നത്. ആദൂർ, ബന്തടുക്ക, മുളിയാർ കോൺഗ്രസിനും മൊവ്വാർ, കുമ്പഡാജെ, ബെള്ളൂർ ബി.ജെ.പിക്കുമായിരുന്നു. ഇത്തവണ വലിയ മാറ്റങ്ങലുണ്ടാകാനിടയില്ല എന്നാണ് അടിത്തട്ടിൽനിന്നുള്ള പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.