പ്രതീകാത്മക ചിത്രം

ജില്ല പിടിക്കാൻ ‘പഞ്ച’ ഗുസ്തി; അഞ്ച് ഡിവിഷനുകളിൽ ശ്രദ്ധേയമായ പോരാട്ടം

കാസർകോട്: ജില്ല പഞ്ചായത്ത് പിടിക്കാൻ അഞ്ച് ഡിവിഷനുകളിലെ മത്സരം നിർണായകമാകുന്നു. 18 ഡിവിഷനുകളുള്ള ജില്ലയിൽ അഞ്ച് ഡിവിഷനുകളിലെ ‘പഞ്ച’ ഗുസ്തിയാണ് ജനം ഉറ്റുനോക്കുന്നത്. വോർക്കാടി, പുത്തിഗെ, ബദിയടുക്ക, ദേലംപാടി, ചെറുവത്തൂർ ഡിവിഷനുകളാണ് ഈ രീതിയിൽ കടുത്ത മത്സരത്തിലേക്ക് നീങ്ങുന്നത്.

വോർക്കാടി

വോർക്കാടി യു.ഡി.എഫിന്റെ പരമ്പരാഗത ഡിവിഷനാണ്. ഇത്തവണയും അവരുടെ ഉറച്ച സീറ്റുകളിൽ ഒന്നാണ്. എന്നാൽ, ഇടതുപക്ഷം മുമ്പ് ജയിച്ച ഡിവിഷനും കൂടിയാണ് വോർക്കാടി. ഇത്തവണ വോർക്കാടിയിൽ കണ്ണുവെച്ച എൽ.ഡി.എഫ് മികച്ച പോരാട്ടത്തിന് അനുയോജ്യനായ സ്ഥാനാർഥിയെ നിശ്ചയിച്ചു. ബി.ജെ.പിക്കകത്ത് ശക്തമായ വിഭാഗീയത നിലനിൽക്കുന്ന കന്നട മേഖലയിലെ വോർക്കാടിയിൽ ബി.ജെ.പിയുടെ വോട്ടും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു.

സി.പി.ഐയുടെ അശ്വത് പൂജാരി, കോൺഗ്രസിന്റെ ഹർഷദ് വോർക്കാടി, ബി.ജെ.പിയുടെ വിജയകുമാർ റൈ എന്നിവരാണ് സ്ഥാനാർഥികൾ. ബി.ജെ.പിയുടെ പ്രമുഖ നേതാവ് വിജയകുമാർ റൈയെ വിജയിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ കോൺഗ്രസിന് നഷ്ടമുണ്ടാക്കിയേക്കും എന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിനുള്ളത്.

പുത്തിഗെ

ബി.ജെ.പിയുടെ സിറ്റിങ് ഡിവിഷനാണിത്. ജില്ല പിടിക്കാൻ എൽ.ഡി.എഫ് ലക്ഷ്യമിട്ട ഡിവിഷനും കൂടിയാണിത്. ഇവർ തമ്മിലുള്ള പേരാട്ടത്തിനിടയിലേക്കാണ് കോൺഗ്രസിന്റെ ജനകീയ മുഖമായ ജെ. സോമപ്രസാദ് കടന്നുവരുന്നത്. എൽ.ഡി.എഫ്-ബി.ജെ.പി എന്ന നിലയിൽ നേർക്കുനേർ പോര് വളർന്ന പുത്തിഗെയിലേക്കുള്ള സോമപ്രസാദിന്റെ വരവ് മത്സരം കടുപ്പിച്ചു. മണികണ്ഠ റൈ ആണ് ബി.ജെ.പി സ്ഥാനാർഥി. സി.പി.എമ്മിന്റെ മുഹമ്മദ് ഹനീഫ് ആണ് എൽ.ഡി.എഫ് സ്ഥാനാർഥി.

ബദിയടുക്ക

ബി.ജെ.പിക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്ന ഡിവിഷനാണ് ബദിയടുക്ക. എന്നാൽ ഇവിടെ മുസ്ലിം ലീഗ് തന്ത്രപരമായ സമീപനം സ്വീകരിച്ചതാണ് ശ്രദ്ധേയമായത്. സീറ്റ് വാങ്ങിയ ലീഗ് ബാങ്ക് മാനേജരായി വിരമിച്ച ഐ. ലക്ഷ്മണയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി. യു.ഡി.എഫിന്റെ വോട്ടുകൾ പരമാവധി സമാഹരിക്കുകയും മേഖലയിൽ ശക്തമായ ദലിത് വോട്ടുകളെ ലക്ഷ്യമാക്കുകയും ചെയ്തു. സി.പി.ഐയിലെ യുവനേതാവ് പ്രകാശ് കുമ്പഡാജെയാണ് ഇടതു സ്ഥാനാർഥി. രാമപ്പ മഞ്ചേശ്വരമാണ് ബി.ജെ.പി സ്ഥാനാർഥി.

ദേലംപാടി

തീപാറുന്ന പോരാട്ടമാണ് ദേലംപാടിയിലേത്. കഴിഞ്ഞ തവണ മുന്നൂറിൽപരം വോട്ടുകൾക്ക് എൽ.ഡി.എഫിന് നഷ്ടമായ ഡിവിഷനാണിത്. പുനർ നിർണയത്തിൽ ഡിവിഷൻ എൽ.ഡി.എഫിന് അനുകൂലമാക്കിയെന്ന് വിശ്വസിക്കുന്നുവെങ്കിലും ഡിവിഷനിൽ യു.ഡി.ഫിന് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സി.പി.എമ്മിനകത്തെ ചില പ്രശ്നങ്ങളും വിമതശല്യവും യു.ഡി.എഫിൽ പ്രതീക്ഷ പുലർത്തുന്നുണ്ട്. ദേലംപാടി ആരെ വരിക്കുന്നുവോ അവർ ജില്ല പഞ്ചായത്ത് നേടും എന്നാണ് പറയുന്നത്.

ചെറുവത്തൂർ

സ്ഥാനാർഥികളുടെ സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമായ ഡിവിഷനാണ് ചെറുവത്തൂർ. എൽ.ഡി.എഫിന്റെ ഉറച്ച ഡിവിഷനിൽ കെ.എസ്.യു നേതാവായ വനിത മുസ്ലിം ലീഗിന്റെ സ്ഥാനാർഥിയായി രംഗത്തുവരുകയായിരുന്നു. വി.എം. സാന്ദ്രയാണ് യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് എസ്.എഫ്.ഐ നേതാവായിരുന്ന ആയുർവേദ ഡോക്ടർ സെറീന സലാമിനെയാണ്. സാന്ദ്രയെ ജയിപ്പിക്കുക എന്നത് അഭിമാന പോരാട്ടമായാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറുവത്തൂരിന്റെ ജനവിധി ഏവരും ഉറ്റുനോക്കുന്നതാണ്.

മഞ്ചേശ്വരം, കുമ്പള, സിവിൽ സ്റ്റേഷൻ, ചെങ്കള, ഉദുമ, ചിറ്റാരിക്കാൽ എന്നിവ യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞുനിൽക്കുന്നവയാണ്. അട്ടിമറിക്കാൻ വലിയ പ്രയാസമുള്ളവയും. കുറ്റിക്കോൽ, പെരിയ, മടിക്കൈ, കയ്യൂർ, പിലിക്കോട്, ബേക്കൽ, കള്ളാർ, എന്നിവ എൽ.ഡി.എഫ് പക്ഷത്തേക്കും ചാഞ്ഞുനിൽക്കുന്നു. ഉറച്ച ആറിൽ യു.ഡി.എഫും ഉറച്ച ഏഴിൽ എൽ.ഡി.എഫും നിൽക്കുന്നു. അഞ്ച് ഡിവിഷനുകളിൽ നടക്കുന്ന പോരാട്ടം തന്നെയാണ് ജില്ല പഞ്ചായത്തിനെ ശ്രദ്ധേയമാക്കുന്നത്.

Tags:    
News Summary - 'Pancha' wrestling to capture the district; Remarkable fight in five divisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.