ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണം –ആസൂത്രണ സമിതി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഒഴിവുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് അഡ്ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍, 15 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നീ തസ്തികകളും, ക്ളര്‍ക്, അക്കൗണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും തസ്തികകള്‍ നികത്തേണ്ടതാണ്. മറ്റ് വകുപ്പുകളിലും നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒഴിവുകളുണ്ട്. ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് സമര്‍പ്പിച്ച പഞ്ചായത്തുകള്‍ക്ക് അംഗീകാരം നല്‍കി. ചെറുവത്തൂര്‍, ബേഡഡുക്ക, കുറ്റിക്കോല്‍, മടിക്കൈ, വലിയപറമ്പ് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെയും നീലേശ്വരം നഗരസഭയുടെയും ഭേദഗതി പ്രോജക്ടുകളാണ് അംഗീകരിച്ചത്. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗ്രാമസഭകള്‍ പൂര്‍ത്തീകരിച്ച് വാര്‍ഷിക പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ രൂക്ഷമായ വരള്‍ച്ച വരുംവര്‍ഷങ്ങളില്‍ ഫലപ്രദമായി നേരിടുന്നതിന് മഴവെള്ള സംഭരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ജൂണ്‍ 18ന് ഏകദിന ശില്‍പശാല സംഘടിപ്പിക്കുമെന്നും പരിപാടിയില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും പങ്കെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. അഡ്ഹോക് ആസൂത്രണ സമിതി യോഗത്തില്‍ ഡെപ്യൂട്ടി പ്ളാനിങ് ഓഫിസര്‍ മുരളീധരന്‍, അസി പ്ളാനിങ് ഓഫിസര്‍ ശാന്ത എന്നിവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും സെക്രട്ടറിമാരും മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT