മരണം മണക്കുന്ന പാത

കാസര്‍കോട്: മരണംമണക്കുന്ന പാതയായി കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് മാറുന്നു. അപകടങ്ങള്‍ കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.എസ്.ടി.പി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി രണ്ടു ദിവസത്തിനകമാണ് വീണ്ടും കൂട്ടക്കുരുതിയുണ്ടായത്. മിനുസമേറിയ റോഡിലൂടെ വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ അമിതവേഗത്തില്‍ കുതിച്ചുപായുന്നതാണ് അപകടത്തിലും മരണത്തിലും കലാശിക്കുന്നത്. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ പണി പൂര്‍ത്തിയായ 27 കിലോമീറ്റര്‍ പാതയാണ് അപകടപ്പാതയായി മാറിയത്. ഈ റോഡില്‍ കഴിഞ്ഞ ആറു മാസത്തിനിടയിലുണ്ടായ 28 വാഹനാപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചിരുന്നു. തിങ്കളാഴ്ച പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ കൂട്ട ദുരന്തത്തോടെ മരണസംഖ്യ 13 ആയി ഉയര്‍ന്നു. അപകടങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയെക്കുറിച്ച് ആലോചിക്കാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗംചേര്‍ന്നത്. റോഡില്‍ ഡിവൈഡറുകളില്ലാത്തതും വേഗത നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ലാത്തതുമാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. ടാറിങ് പൂര്‍ത്തിയായ അഞ്ചു സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതായി ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ചൂണ്ടിക്കാട്ടിയിരുന്നു. അപകടം കുറക്കാന്‍ സാധ്യമായ സംവിധാനങ്ങള്‍ ജൂണ്‍ 30നകം ഏര്‍പ്പെടുത്താന്‍ കെ.എസ്.ടി.പി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.