അതിവേഗ പാത സര്‍വേ: മംഗളൂരു വരെ നീട്ടിയേക്കും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അതിവേഗ റെയില്‍ പാതയുടെ സര്‍വേ മംഗളൂരുവിലേക്ക് നീട്ടിയേക്കും. പാത മംഗളൂരുവിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇപ്പോള്‍ സര്‍വേ മാത്രമാണ് നടക്കുന്നത്. അതില്‍ മംഗളൂരു ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിന് സാധിക്കും. പാത സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ്. സര്‍വേ നടത്തി റെയില്‍വേക്ക് പദ്ധതി സമര്‍പ്പിച്ചാല്‍ പിന്നീട് റെയില്‍വേയാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക. ഭൂമിയേറ്റെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് അറിയിക്കുന്നതോടെ സംസ്ഥാനത്തിന് ഇതില്‍നിന്ന് ഒഴിയാം. കണ്ണൂരില്‍ അവസാനിപ്പിച്ചതിനെതിരെ യു.ഡി.എഫിലെ കക്ഷികളെല്ലാം രംഗത്തിറങ്ങിയിരിക്കുകയാണ്. കണ്ണൂരില്‍ അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ സി.പി.ഐ, സി.പി.എം പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍വേ മംഗളൂരു വരെ നടത്തുന്നതിന് സര്‍ക്കാര്‍ അനുകൂലമായി നിലപാടെടുത്തതായാണ് വിവരം. പി. കരുണാകരന്‍ എം.പി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് ഉറപ്പുവാങ്ങിയതായും സൂചനയുണ്ട്. മന്ത്രി ഇ. ചന്ദ്രശേഖരനും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വേ നടത്താന്‍ 50 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചിരുന്നു. മംഗളൂരു തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എജുസിറ്റി, ബാങ്കിങ് സിറ്റി എന്നിവ കേരളത്തിന് പ്രയോജനപ്പെടുത്താനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.