കാഞ്ഞങ്ങാട്: ഒരു സീറ്റ് യു.ഡി.എഫിനെക്കാൾ കൂടുതൽ നേടി കഷ്ടിച്ച് ഭരണത്തുടർച്ചയുണ്ടായപ്പോഴും കാഞ്ഞങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് നേരിട്ടത് കനത്ത തിരിച്ചടി. പ്രതീക്ഷിച്ചിരുന്ന പല വാർഡുകളും കൈവിട്ടപ്പോൾ അപ്രതീക്ഷിതമായി ബി.ജെ.പിയുടെ കുത്തകസീറ്റായ അത്തിക്കോത്ത് വാർഡ് നാട്ടുകാർക്ക് സുസമ്മതനായ രാജനിലൂടെ സി.പി.എമ്മിന് പിടിച്ചെടുക്കാനായത് ഭരണത്തുടർച്ചക്ക് കാരണമായി. സി.പി.എമ്മിനോ സ്ഥാനാർഥിക്കുപോലും വിജയപ്രതീക്ഷയില്ലായിരുന്നു.
നിരവധി സിറ്റിങ് വാർഡുകൾ കൈവിട്ട പാർട്ടിക്ക് അത്തിക്കോത്ത് വാർഡ് പിടിച്ചെടുക്കാനായത് നേട്ടമായി. ദിവ്യംപാറയിൽ സി.പി.എം മെംബറായ റെബൽ സ്ഥാനാർഥി വലിയതോതിൽ വോട്ടുപിടിച്ചത് ഈ വാർഡിൽ സി.പി.എം സ്ഥാനാർഥിയുടെ പരാജയമുറപ്പാക്കി. കഴിഞ്ഞതവണ 43 വാർഡുകളായിരുന്നു. ഇതിൽ 24 സീറ്റുണ്ടായിരുന്ന ഇടതുമുന്നണിക്ക് ഇത്തവണ വാർഡ് വർധിച്ച് 47 ആയപ്പോഴും 22 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. എങ്കിലും, സംസ്ഥാനത്താകെ കനത്ത തിരിച്ചടി നേരിട്ടപ്പോൾ മൂന്നാം തവണയും ഭരണത്തുടർച്ചയിലെത്തിക്കാനായത് ആശ്വാസമായി. നഗരസഭയിലെ രണ്ടാമത്തെ ഘടകകക്ഷിയായ ഐ.എൻ.എലിനേറ്റ കനത്ത തിരിച്ചടിയും മുന്നണിക്ക് ദോഷമായി.
കഴിഞ്ഞതവണ ലീഗിന്റെ കെ. ആയിഷ 49 വോട്ടിന് വിജയിച്ച കുശാല്‍നഗര്‍ വാര്‍ഡ് സി.പി.എമ്മിന്റെ സന്തോഷ് കുശാല്‍നഗര്‍ പിടിച്ചെടുത്തതും ഭരണത്തുടച്ച ഉറപ്പാക്കി. 128 വോട്ടിനാണ് ലീഗിന്റെ എം.വി. ഷംസുദ്ദീനെ സന്തോഷ് തോല്പിച്ചത്.
തീര്‍ഥങ്കര വാര്‍ഡില്‍ സി.പി.എമ്മിന്റെ പി.വി. മണി കോണ്‍ഗ്രസിന്റെ ബാലകൃഷ്ണന് മാടായിയെ 53 വോട്ടിന് പരാജയപ്പെടുത്തി. കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ വി.വി. ശോഭ ഇവിടെ 122 വോട്ടിന് വിജയിച്ചിരുന്നു.
ഈ വാർഡ് നഷ്ടപ്പെട്ടതാവട്ടെ യു.ഡി.എഫിന് നഗരഭരണം നഷ്ടപ്പെടാൻ മുഖ്യകാരണമായി. പരാജയം കോൺഗ്രസിന് വലിയ ആഘാതമായി. കഴിഞ്ഞതവണ 13 സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫ് അത് 21 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞതവണ രണ്ടുസീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് അത് എട്ടായി വര്‍ധിപ്പിച്ചു. മധുരംകൈ വാര്‍ഡ് കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി തിരിച്ചുപിടിച്ചു. വാശിയേറിയ പോരാട്ടത്തില്‍ സി.പി.എമ്മിന്റെ കെ.വി. ഉദയനെ 43 വോട്ടുകള്‍ക്കാണ് അനില്‍ പരാജയപ്പെടുത്തിയത്.
സി.പി.എം വിമതസ്ഥാനാര്‍ഥിയായ മത്സരിച്ച നിലവിലെ കൗണ്‍സിലറും സ്ഥിരംസമിതി അധ്യക്ഷയുമായ കെ.വി. സരസ്വതിക്ക് വെറും 19 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവട്ടം സരസ്വതി 16 വോട്ടിന് ഇവിടെ വിജയിച്ചു.
ഐങ്ങോത്ത് വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ലിസി ജേക്കബ് കേരള കോണ്‍ഗ്രസ് -എമ്മിന്റെ ഗ്രേസി സ്റ്റീഫനെ 195 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. കഴിഞ്ഞതവണ ഇവിടെ സി.പി.എം സ്ഥാനാര്‍ഥി വിനീത് കൃഷ്ണന് 341 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. കഴിഞ്ഞതവണ ഐ.എന്‍.എലിന്റെ ബില്‍ടെക് അബ്ദുല്ല കെ.പി.സി.സി സെക്രട്ടറി എം. അസിനാറെ 18 വോട്ടിന് പരാജയപ്പെടുത്തിയ കരുവളം വാര്‍ഡില്‍ കോണ്‍ഗ്രസ് ഇത്തവണ ഉജ്ജ്വലവിജയം നേടി. കോണ്‍ഗ്രസിന്റെ കെ. ജിഷ 360 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐ.എന്‍.എലിന്റെ പി. ഹസീനത്തിനെ പരാജയപ്പെടുത്തിയത്.
സ്വന്തം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ബില്‍ടെക് അബ്ദുല്ലയെ വോട്ടെടുപ്പിന്റെ പിറ്റേന്നുതന്നെ ഐ.എന്‍.എല്‍ പുറത്താക്കിയിരുന്നു. കഴിഞ്ഞതവണ ഐ.എന്‍.എലിന്റെ നജ്മ റാഫി 40 വോട്ടിന് വിജയിച്ച ഞാണിക്കടവ് വാര്‍ഡ് ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിന്റെ എന്‍.കെ. സീമ 137 വോട്ടിനാണ് സി.പി.എമ്മിന്റെ എം. ലീലയെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞതവണ ബി.ജെ.പിയുടെ സ്വതന്ത്രസ്ഥാനാര്‍ഥി വന്ദന ബല്‍രാജ് 44 വോട്ടിന് വിജയിച്ച മുനിസിപ്പല്‍ ഓഫിസ് വാര്‍ഡ് കോണ്‍ഗ്രസിന്റെ പി.വി. ചന്ദ്രന് തിരിച്ചുപിടിച്ചു. ബി.ജെ.പിയുടെ എച്ച്.എന്‍. ധനുഷിനെ 56 വോട്ടിനാണ് ചന്ദ്രന് പരാജയപ്പെടുത്തിയത്. കേരള കോണ്‍ഗ്രസ് -എമ്മിന്റെ സ്റ്റീഫന്‍ ജോസഫ് ഇവിടെ മൂന്നാംസ്ഥാനത്താണ്.
സി.പി.എമ്മിന്റെ ചെയര്മാന് സ്ഥാനാര്‍ഥി വി.വി. രമേശൻ 374 വോട്ടിനാണ് അതിയാമ്പൂര് വാര്‍ഡില്‍നിന്ന് വിജയിച്ചത്. ജീവകാരുണ്യപ്രവര്‍ത്തകന്‍ സലാം കേരളയെ ഹോസ്ദുര്‍ഗ് കടപ്പുറം വാര്‍ഡില്‍നിന്ന് മത്സരിപ്പിച്ചിരുന്നെങ്കിലും ലീഗിന്റെ പി. ഹുസൈനോട് 349 വോട്ടിന് വലിയ പരാജയം നേരിട്ടു.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ദുര്‍ഗ എച്ച്.എസ്.എസില്‍ കാഞ്ഞങ്ങാട്ടെ പൊതുമണ്ഡലത്തില്‍ സജീവമായ മുകുന്ദറായ പ്രഭുവിനെ എൽ.ഡി.എഫ് മത്സരിപ്പിച്ചെങ്കിലും വിജയിച്ചില്ല. നഗരസഭയിൽ ഏറ്റ തിരിച്ചടി പരിശോധിക്കുകയാണ് ബി.ജെ.പി. നാലു സീറ്റുകളാണ് നേടിയത്.
നിലവിൽ ആറ് സീറ്റുകളുണ്ട്. ബി.ജെ.പിയുടെ എം. ബല്‍രാജ് 167 വോട്ടിന് ലക്ഷ്മിനഗര്‍ വാര്‍ഡില്‍നിന്നും വിജയിച്ചു. ഇടതുവലത് മുന്നണികൾ ചില വാർഡുകളിൽ പൊതുസ്വതന്ത്രരെ ഇറക്കി പരീക്ഷിച്ചെങ്കിലും ഫലംകണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.