തൈക്കടപ്പുറം തീരദേശ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരി ദേശീയപാത വേലി മറികടക്കുന്നു
നീലേശ്വരം: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തീരദേശ യാത്രക്കാർ മറുകരയിലെത്താൻ പാടുപെടുന്നു. തോട്ടം റോഡ് ജങ്ഷനിൽനിന്ന് തൈക്കടപ്പുറം തീരദേശ യാത്രക്കാരാണ് പെരുവഴിയിലായത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് മറുഭാഗത്തെത്താൻ ബുദ്ധിമുട്ടുന്നത്. ഇതിൽ സന്ധ്യക്ക് ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളാണ് ഏറെ കഷ്ടപ്പെടുന്നത്.
കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് പടന്നക്കാട് കാർഷിക കോളജ്, നെഹ്റു കോളജ്, ജില്ല ആയുർവേദ ആശുപത്രി എന്നിവടങ്ങളിൽ എത്തേണ്ടവരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. കാഞ്ഞങ്ങാടുനിന്ന് വരുന്ന ബസുകളിൽനിന്ന് പെട്രോൾ പമ്പിന് സമീപം ഇറങ്ങിയാൽ 100 മീറ്റർ മുന്നോട്ടു നടന്ന് തോട്ടം അടിപ്പാതയിലൂടെ സർവിസ് റോഡ് മുറിച്ചുകടന്ന് വീണ്ടും റോഡരികിലൂടെ 100 മീറ്റർ നടന്നാലേ കോളജിലും ആശുപത്രിയിലും എത്താൻ സാധിക്കൂ.
സ്റ്റോപ്പിൽ ഇറങ്ങിയ യാത്രക്കാർക്ക് മറുവശം കടക്കാൻ വേറെ വഴിയില്ല. ചില യാത്രക്കാർ എളുപ്പത്തിൽ എതിർഭാഗത്ത് എത്താൻ ദേശീയപാതയിൽ നിർമിച്ച വേലി ചാടിക്കടക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്ത് വെളിച്ചമില്ല. സർവിസ് റോഡിന്റെ പണി തീർത്ത് രണ്ടുഭാഗത്തുകൂടി ബസ് സർവിസ് നടത്താനുള്ള ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇല്ലെങ്കിൽ രാത്രികാലങ്ങളിൽ സാമൂഹിക ദ്രോഹികളുടെ ശല്യവും തെരുവുനായ്ക്കളുടെ ആക്രമണങ്ങളും യാത്രക്കാർ അഭിമുഖീകരിക്കേണ്ടിവരും. ദേശീയപാതയിൽ കാർഷിക കോളജിന്റെയും നെഹ്റു കോളജിന്റെയും മധ്യത്തിൽ യാത്രക്കാർക്ക് നടന്നുപോകാൻ ഫൂട്ട് ഓവർ ബ്രിഡ്ജ് എത്രയും പെട്ടെന്ന് നിർമിച്ചാൽ മാത്രമേ യാത്രാദുരിതത്തിന് പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.