ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഹാർമോണിയസ് കേരളയിൽ സൂരജ് സന്തോഷ്, മിഥുൻ രമേഷ്, ജാസിം, ക്രിസ്റ്റ കല, ശ്വേത അശോക്, സിദ്ദിഖ് റോഷൻ എന്നിവർ സംബന്ധിക്കും
കാസർകോട്: ബേക്കൽ ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റിവൽ മൂന്നാമത് എഡിഷൻ ഡിസംബർ 20 മുതൽ 31 വരെ പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘മാധ്യമം’ ദിനപത്രം ആതിഥ്യമരുളുന്ന ഹാർമോണിയസ് കേരള 28ന് നടക്കും. ബീച്ച് ഫെസ്റ്റിന്റെ ഉദ്ഘാടനം 20ന് വൈകീട്ട് അഞ്ചിന് വിനോദ സഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ബേക്കൽ കോട്ട പശ്ചാത്തലമാക്കി ബോംബെ സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തെന്നിന്ത്യയിലെ പ്രഗല്ഭ ചലച്ചിത്രകാരൻ മണിരത്നം, സിനിമ താരം മനീഷ കൊയ്‌രാള, ബോംബെ സിനിമയുടെ സിനിമാട്ടോഗ്രാഫർ രാജീവ് മേനോൻ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ബി.ആർ.ഡി.സി രൂപവത്കരണത്തിന്റെയും ബോംബെ സിനിമയുടെയും മുപ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഇവർ ബേക്കലിൽ എത്തുന്നത്.
വിവിധ ദിവസങ്ങളിലായി മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ അതിഥികളാകും. ഓരോ ദിവസവും പ്രധാന വേദിയിൽ പ്രഗല്ഭ മ്യൂസിക് ബാൻഡുകൾ ഒരുക്കുന്ന സംഗീത ദൃശ്യ പരിപാടികൾ അരങ്ങേറും. ദിവസവും കലാപരിപാടികൾക്കു മുമ്പേ നടക്കുന്ന സാംസ്‌കാരിക സന്ധ്യകളിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും. ആദ്യ ദിവസം നടക്കുന്ന സ്റ്റേജ് ഷോയിൽ പ്രശസ്‌ത സിനിമാതാരം രമ്യ നമ്പീശനും സംഘവും കലാവിരുന്നൊരുക്കും.
തുടർന്ന് വിവിധ ദിവസങ്ങളിലായി, ആരാധകരെ കൈയിലെടുത്ത വേടൻ, റിമി ടോമി, ജാസി ഗിഫ്റ്റ്, സയനോര ഫിലിപ്, ഗസൽ മാന്ത്രികൻ അലോഷി, അപർണ ബാലമുരളി, പ്രസീത ചാലക്കുടി, കൊല്ലം ഷാഫി, ആര്യ ദയാൽ, ഉറുമി ബാൻഡ്, പുഷ്പവതി തുടങ്ങിയവർ ആസ്വാദകരുടെ കണ്ണും മനസ്സും കവരും. ഫെസ്റ്റിൽ എല്ലാദിവസവും കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സരസ്സ് ഭക്ഷ്യമേളയിൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര പൈതൃക ഭക്ഷണങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലയിലെ ഭക്ഷ്യ ഇനങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടുകൾ ഉണ്ടാകും.
ജില്ല വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള വ്യവസായ മേളയിൽ ജില്ലയിലെ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രദർശനത്തിനും വിപണനത്തിനുമുള്ള ഇടം ലഭിക്കും. ബിസിനസ് പവിലിയനുകൾ, ഓട്ടോ എക്സ്പോ എന്നിവയുമുണ്ടാകും. വാഹനങ്ങളിൽ എത്തുന്നവർക്കായി അഡീഷനൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മേളയുടെ സമാപന ദിവസമായ ഡിസംബർ 31ന് രാത്രി 12ന് പുതുവത്സരത്തെ വരവേൽക്കാൻ സംഘടിപ്പിക്കുന്ന ഡിജിറ്റൽ വെടിക്കെട്ടുണ്ടാകും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ബി.ആർ.ഡി.സി മാനേജിങ് ഡയറക്‌ടർ പി. ഷിജിൻ, ഹക്കീം കുന്നിൽ, വി. രാജൻ, കെ.ഇ.എ. ബക്കർ, എം.എ. ലത്തീഫ്, ഷൈനി മോൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.