തൃക്കരിപ്പൂര്‍ റെയില്‍വേ മേല്‍പാലം: നടപടിക്ക് ഗതിവേഗം

തൃക്കരിപ്പൂര്‍: നിര്‍ദിഷ്ട ബീരിച്ചേരി മേല്‍പാലത്തിന്‍െറ നടപടികള്‍ക്ക് ഗതിവേഗം. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ റെയില്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട ബീരിച്ചേരി, ഉദിനൂര്‍ മേല്‍പാലങ്ങളുടെ അനന്തര നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് റെയില്‍വേ കണ്‍സള്‍ട്ടന്‍സി ബോര്‍ഡ് ബീരിച്ചേരി, ഉദിനൂര്‍ മേല്‍പാലങ്ങള്‍ ശിപാര്‍ശ ചെയ്തതോടെയാണ് ബജറ്റില്‍ ഇടം നേടിയത്. പക്ഷേ, പ്രാരംഭ നടപടികള്‍ക്ക് പണം വിലങ്ങുതടിയായി. മേല്‍പാലം നിര്‍മിക്കാന്‍ 40.8 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചെലവിന്‍െറ പകുതി സംസ്ഥാന വിഹിതവും ബാക്കി കേന്ദ്രവിഹിതവുമാണ്. പ്രഭാകരന്‍ കമീഷന്‍െറ ശിപാര്‍ശകളില്‍ സുപ്രധാന വികസന നിര്‍ദേശമാണ് മേല്‍പാലം. തുക അനുവദിക്കുന്നതിലെ കാലതാമസം നടപടികള്‍ വൈകിക്കുകയായിരുന്നു. പ്രാരംഭ പ്രവൃത്തികള്‍ക്കായി രണ്ടരക്കോടി രൂപ അനുവദിച്ചതായി പി. കരുണാകരന്‍ എം.പി അറിയിച്ചു. പ്രഭാകരന്‍ കമീഷന്‍െറ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടരക്കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയത്. തുക വൈകാതെ റെയില്‍വേക്ക് കൈമാറും. ലെവല്‍ ക്രോസിങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് 2020ലേക്കുള്ള റെയില്‍വേയുടെ കാഴ്ചപ്പാട്. ട്രെയിനുകളുടെ വേഗത കൂട്ടുക എന്നതാണ് പ്രധാന ഉദ്ദേശ്യം. കാലിക്കടവ്-പയ്യന്നൂര്‍ പാതയിലുള്ള ബീരിച്ചേരി മേല്‍പാലം വര്‍ഷങ്ങളായി യാത്രക്കാര്‍ ആവശ്യപ്പെട്ടുവരുന്നതാണ്. പയ്യന്നൂരിലേക്കും തിരിച്ചും 30ലേറെ ബസുകള്‍ സര്‍വിസ് നടത്തുന്ന ഈ പാതയില്‍ ഗേറ്റടക്കുന്നതോടെ മണിക്കൂറോളം ഗതാഗതക്കുരുക്ക് രൂപപ്പെടാറുണ്ട്. തൃക്കരിപ്പൂരും പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന പത്തിലേറെ വിദ്യാലയങ്ങളുടെ ബസുകളും ഗതാഗതക്കുരുക്കില്‍പെടുന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ മാത്രം ഏഴ് ലെവല്‍ക്രോസുകള്‍ ഉണ്ട്. ബീരിച്ചേരി റെയില്‍വെ ഗേറ്റില്‍ മേല്‍പാലം പണിയുന്നതോടെ വലിയ യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ വിഹിതം കൂടി റെയില്‍വേക്ക് കൈമാറുന്നതോടെ പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.