കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ വിധിയെഴുതുന്നതിന് ജില്ല ഇന്ന് ബൂത്തിലേക്ക്. കാസർകോട് ജില്ലയില്‍ 1370 പോളിങ് സ്റ്റേഷനുകളും 11,12,190 വോട്ടര്മാര്മാരുമുണ്ട്. ഇതിൽ 5,24,022 പുരുഷ വോട്ടര്‍മാരും 5,88,156 സ്ത്രീവോട്ടര്‍മാരും 12 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും 129 പ്രവാസി വോട്ടര്‍മാരുമാണുള്ളത്. 6584 പോളിങ് ഉദ്യോഗസ്ഥരില്‍ 3995 വനിത ഉദ്യോഗസ്ഥരും 2589 പുരുഷ ഉദ്യോഗസ്ഥരുമുണ്ട്. സ്ത്രീകള്‍മാത്രം പോളിങ് ഉദ്യോഗസ്ഥരായിട്ടുള്ള 179 ബൂത്തുകളുമുണ്ട്.
എല്ലാ പോളിങ് ബൂത്തുകളിലും പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകിയതായി ജില്ല ഇലക്ഷൻ വിഭാഗം അറിയിച്ചു. ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യമുണ്ട്. എല്ലാ ബൂത്തുകളിലും കുടിവെള്ള സൗകര്യവും ലൈറ്റ് തുടങ്ങിയ അസൗകര്യങ്ങൾ നിലനിൽക്കുന്നിടത്ത് പോളിങ് ബൂത്ത് പരിസരത്തടക്കം അധിക ക്രമീകരണങ്ങളും പൂർത്തിയാക്കി. അഗ്നിരക്ഷസേനയുടെയും പൊലീസിന്റെയും സേവനങ്ങളും ലഭ്യമാക്കും.
പ്രശ്നബാധിത ബൂത്തുകളിൽ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടറുടെ അടക്കം പ്രത്യേകശ്രദ്ധ എത്തിച്ചേരുംവിധത്തിലുള്ള നിരീക്ഷണ സംവിധാനം പ്രവർത്തിക്കും. വോട്ടർമാർ തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച എട്ട് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. വോട്ടിങ് സുഗമമാക്കുന്നതിനും വ്യാജ വോട്ടുകൾ തടയുന്നതിനുമാണ് കമീഷൻ ഈ നിർദേശം നൽകിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ വോട്ടർ ഐ.ഡി കാർഡ് അതല്ലെങ്കിൽ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം. ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറുമാസം മുമ്പ് നൽകിയ ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന താൽക്കാലിക ഐ.ഡി കാർഡ്, എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
119 പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. എല്‍.എസ്.ജി.ഡി ജോ. ഡയറക്ടറുടെ കാര്യാലയത്തിലാണ് ജില്ലതല വെബ് കാസ്റ്റിങ് മോണിറ്ററിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ബൂത്തുകളില്‍ സംശയം തോന്നുന്നപക്ഷം സ്ഥാനാർഥികള്‍ പണമടച്ചാല്‍ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. 11ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ആറുമണിക്കുള്ളില്‍ ബൂത്ത് പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കും.
കാസർകോട്: ജില്ലയിലെ സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 13 ഡിവൈ.എസ്.പിമാര്‍, 29 ഇന്‍സ്പെക്ടര്‍മാര്‍, 184 എസ്.ഐ, എ.എസ്.ഐമാര്‍ 2100 എസ്.പി.ഒ, സി.പി.ഒമാര്‍ കൂടാതെ 467 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെയും നിയമിച്ചിട്ടുണെന്ന് ജില്ല പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ബംഗളൂരുവില്‍നിന്ന് ഒരു കമ്പനി സി.ആര്.പി ആര്.എ.എഫ് ഫോഴ്സും പ്രവര്‍ത്തിക്കും.
ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി പൊലീസ് സ്റ്റേഷന്‍തലത്തിലും എട്ട് ഇലക്ഷന് സബ് ഡിവിഷന്‍തലത്തിലും ജില്ലതലത്തിലും സ്ട്രൈക്കിങ് ഫോഴ്സ് പ്രവര്‍ത്തിക്കും. ജില്ലയില്‍ 436 ബൂത്തുകള്‍ സെന്‍സിറ്റീവ് ബൂത്തുകളായും 97 ബൂത്തുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളായും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കും. പ്രശ്നബാധിത മേഖലകളില്‍ റൂട്ട് മാര്‍ച്ചുകള്‍ നടത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്ട്രോള് റൂം നമ്പര്‍: 9497928000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.