കുമ്പഡാജെയില്‍ തീപാറും പോര്

ബദിയടുക്ക: കുമ്പഡാജെ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരുമുന്നണികളും ബി.ജെ.പിയും ഇഞ്ചോടിഞ്ച് മുന്നേറുന്നു. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും ഇടംപിടിക്കാന്‍ എല്‍.ഡി.എഫും കിണഞ്ഞ് ശ്രമിക്കുന്നു. 13 വാര്‍ഡാണ് പഞ്ചായത്തിലുള്ളത്. നിലവില്‍ യു.ഡി.എഫാണ് ഭരണത്തില്‍. മുസ്ലിംലീഗ് ആറ്, കോണ്‍ഗ്രസ് രണ്ട്, ബി.ജെ.പി അഞ്ച് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 2005ല്‍ 12 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ബി.ജെ.പി അഞ്ച്, മുസ്ലിം ലീഗ് നാല്, കോണ്‍ഗ്രസ് ഒന്ന്, സി.പി.എം രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റുകള്‍. സി.പി.എമ്മിന് സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ നല്‍കി, അവരുടെ പിന്തുണയോടെ ബി.ജെ.പിയാണ് ഭരണത്തിലിരുന്നത്. എന്നാല്‍, 2010 ആയതോടെ എല്‍.ഡി.എഫിന് സീറ്റ് നഷ്ടമാവുകയും യു.ഡി.എഫ് ഭരണം നിലനര്‍ത്തുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം മാറി ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ഇരു മുന്നണികളും ബി.ജെ.പിയും. 12 സീറ്റിലാണ് യു.ഡി.എഫ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ആറ്, മുസ്ലിം ലീഗ് ആറ്. എഴാം വാര്‍ഡായ ഗോഡിഗുഡ്ഡെയില്‍ യു.ഡി.എഫിന് സ്വാധാനം കുറവായതിനാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതും ശ്രദ്ധേയമാണ്. ഇവിടെ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണ് പോരാടുന്നത്. വികസനം ഉയര്‍ത്തിക്കാട്ടി ഭരണം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കനുസരിച്ച് സീറ്റ് വര്‍ധിച്ച് 2005ലെ ഭരണം കാഴ്ചവെക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍, ഭരണത്തില്‍ കയറാമെന്ന് അവകാശപ്പെടുന്നില്ളെങ്കിലും ഇത്തവണ അഞ്ച് സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി.എഫിന്‍െറ ശുഭപ്രതീക്ഷ. സി.പി.എം 10 സീറ്റിലും സി.പി.ഐ മൂന്ന് സീറ്റിലും മത്സരിക്കുന്നു. റെബല്‍ സ്ഥാനാര്‍ഥി ശല്യമില്ലാത്തതും ഇരു മുന്നണികളും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ മത്സരരംഗത്ത് ഇറക്കിയതും വിജയചിത്രം ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയെന്ന് വോട്ടര്‍മാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.