ചിത്താരിയില്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മിക്കും

കാഞ്ഞങ്ങാട്: കഴിഞ്ഞ അഞ്ചുവര്‍ഷം അജാനൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും വീണ്ടും അധികാരത്തിലത്തെിയാല്‍ ചിത്താരിയില്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീരൊഴുക്ക് മൂലം അടിക്കടി തകരുന്ന റോഡുകളില്‍ കോണ്‍ക്രീറ്റ്, ഇന്‍റര്‍ലോക്ക് എന്നിവ നടപ്പിലാക്കും. അജാനൂരിന്‍െറ ഭൂതകാലത്തെ സൗഹാര്‍ദത്തിന്‍െറ ഓര്‍മകളയവിറക്കി മഡിയനില്‍ സ്നേഹോദ്യാനം നിര്‍മിക്കുന്നതുള്‍പ്പെടെയുള്ളവക്ക് മുഖ്യപരിഗണന നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ വികസനം മുരടിച്ച അജാനൂരില്‍ യു.ഡി.എഫ് ഭരണകാലത്ത് നടത്തിയത് സമഗ്രമായ വികസനമായിരുന്നുവെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. മികച്ച സേവനത്തിന് ഐ.എസ്.ഒ അംഗീകാരം, സംസ്ഥാനത്തെ ഏറ്റവും മികച്ച ഓഫിസ് സംവിധാനത്തിനുള്ള കിലയുടെ സര്‍ട്ടിഫിക്കറ്റ്, വെള്ളിക്കോത്തെ സ്വാതന്ത്ര്യ സ്മൃതി മണ്ഡപം, എല്ലാ വര്‍ഷവും 90 ശതമാനത്തിലധികം വരവും ചെലവും ഉണ്ടാക്കി ജില്ലയിലെ മികച്ച അഞ്ച് പഞ്ചായത്തുകളിലൊന്നായി അജാനൂരിനെ മാറ്റി. പഞ്ചായത്ത് ഭവന പദ്ധതിയില്‍ മാത്രം 500 വീടുകള്‍ നിര്‍മിച്ചു നല്‍കി. 18 ലക്ഷം രൂപക്ക് മാവുങ്കാലില്‍ മിനി സ്റ്റേഡിയം യാഥാര്‍ഥ്യമാക്കി. ടച്ച് സ്ക്രീന്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളൊരുക്കി. എന്‍ഡോസള്‍ഫാന്‍ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് ബഷീര്‍ വെള്ളിക്കോത്ത്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നസീമ ടീച്ചര്‍, അജാനൂര്‍ പഞ്ചായത്ത്് മുസ്ലിം ലീഗ് പ്രസിഡന്‍റ് വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ബാലകൃഷ്ണന്‍, യു.ഡി.എഫ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.വി അരവിന്ദാക്ഷന്‍, സി.എം.പി നേതാവ് വി. കമ്മാരന്‍, ചിത്താരി ബ്ളോക് യു.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് കുഞ്ഞി മാഹിന്‍, യു.ഡി.എഫ് നേതാക്കളായ മുഹമ്മദ് കുഞ്ഞി, ശ്രീനിവാസന്‍ മഡിയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.