ആര്‍.എസ്.എസ് വര്‍ഗീയതക്ക് ഉമ്മന്‍ ചാണ്ടി ചൂട്ടുപിടിക്കുന്നു –പിണറായി വിജയന്‍

കാഞ്ഞങ്ങാട്: ആര്‍.എസ്.എസിന്‍െറ വര്‍ഗീയതക്ക് ചൂട്ടുപിടിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ് അതിനു കഴിയാതെ വന്നപ്പോഴാണ് വെള്ളാപ്പള്ളിയെ കൂട്ടി പുതിയ കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചത്. ലക്ഷങ്ങള്‍ അംഗങ്ങളായ എസ്.എന്‍.ഡി.പിയുടെ രജിസ്റ്റര്‍ ആര്‍.എസ്.എസ് മേധാവികളെ ഏല്‍പ്പിക്കാന്‍ മികച്ച കരാറുകാരനായ വെള്ളാപ്പള്ളിക്ക് എളുപ്പമായിരിക്കും. എന്നാല്‍, ശ്രീനാരായണീയ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന എസ്.എന്‍.ഡി.പിയിലെ ലക്ഷങ്ങളെ ആര്‍.എസ്.എസിനെ ഏല്‍പ്പിക്കാന്‍ വെള്ളാപ്പള്ളിക്ക് ആവില്ല. ആളുകള്‍ ചിന്താശേഷിയുള്ളവരാണ്. ചാതുര്‍വര്‍ണ്യത്തിനെതിരെ പോരാട്ടം സംഘടിപ്പിച്ച് നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത ശ്രീനാരായണഗുരുവിനെ ആരാധിക്കുന്നവര്‍ക്കെങ്ങനെ ആര്‍.എസ്.എസിന്‍െറ ഭാഗമാകാന്‍ കഴിയും. മതന്യൂനപക്ഷങ്ങളെ കൂട്ട കശാപ്പ് ചെയ്യുകയെന്ന ആര്‍.എസ്.എസ് നയമാണ് രാജ്യമെങ്ങും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വര്‍ഗീയതക്കെതിരെ പ്രതികരിക്കുന്ന എഴുത്തുകാരെപ്പോലും ഇക്കൂട്ടര്‍ വെറുതെ വിടുന്നില്ല. ഗോമാംസം ഭക്ഷിക്കുന്നത് വലിയ തെറ്റായി ചിത്രീകരിച്ച് കൊലപാതകമുള്‍പ്പെടെ നടത്തുന്നത് ആര്‍.എസ്.എസ് നേതൃത്വത്തിന്‍െറ അറിവോടെയാണ്. എല്ലാവരും ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാവില്ല. ഇന്ത്യയില്‍ തന്നെ ചില സംസ്ഥാനങ്ങളില്‍ പട്ടിയിറച്ചി കഴിക്കുന്നവരുണ്ട്. മലയാളികള്‍ പട്ടിയിറച്ചി കഴിക്കാത്തതുകൊണ്ട് ഇത് കഴിക്കുന്നവരെ മുഴുവന്‍ കൊന്നൊടുക്കാന്‍ സാധിക്കുമോ. ആര്‍.എസ്.എസും വെള്ളാപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കേരളത്തിലെ മതനിരപേക്ഷതയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. നിയമന നിരോധമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയത്. കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും പെന്‍ഷന്‍പോലും മുടങ്ങിയിട്ട് മാസങ്ങളായി. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി നില്‍ക്കുകയാണ്. ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ ക്രമാതീതമായ വിലക്കയറ്റം വന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് കണ്‍സ്യൂമര്‍ ഫെഡ് വഴിയും സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ വഴിയും പൊതുജനങ്ങള്‍ക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു. മതനിരപേക്ഷതക്ക് കോട്ടംതട്ടാതിരിക്കാന്‍ ഇടതുപക്ഷം വിജയിച്ചുവരേണ്ടത് നാടിന്‍െറ ആവശ്യമാണെന്നും ഇതിനായി മുഴുവനാളുകളും ഇടതുപക്ഷത്തോടൊപ്പം അണിചേരണമെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.