ജില്ലാ ആശുപത്രി പേവാര്‍ഡിലെ രോഗികള്‍ക്ക് ദുരിതം

കാഞ്ഞങ്ങാട്: ജനറേറ്റര്‍ സ്ഥാപിക്കാത്തതിനാല്‍ കറന്‍റ് കട്ട് സമയത്ത് ഇരുട്ടിലാവുന്ന ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയിലെ പേവാര്‍ഡില്‍ രോഗികള്‍ക്ക് ദുരിതം. ജനറേറ്റര്‍ സ്ഥാപിക്കാത്തത് സംബന്ധിച്ച് പരാതിയുമായത്തെുന്നവര്‍ക്ക് മുന്നില്‍ തങ്ങള്‍ നിസ്സഹായരാണെന്ന മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോള്‍ പേ വാര്‍ഡില്‍ ജനറേറ്റര്‍ സ്ഥാപിക്കേണ്ടത് കേരള ഹെല്‍ത് കെയര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ചുമതലയാണെന്നായിരുന്നു മറുപടി. ജില്ലാ ആശുപത്രിയിലെ തന്നെ മെയിന്‍ ജനറേറ്ററില്‍നിന്ന് കണക്ഷന്‍ നല്‍കാമെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പോലും കെ.എച്ച്.ആര്‍.ഡബ്ള്യു.എ തയാറാകാത്തതാണ് പ്രശ്നം. 250രൂപ വാടകയിനത്തിലുള്ള 10 മുറികളും 300 രൂപ വാടക ഈടാക്കുന്ന 12 മുറികളുമാണ് ജില്ലാ ആശുപത്രിയിലെ പേവാര്‍ഡിലുള്ളത്. കറന്‍റ് കട്ട് സമയത്ത് പേ വാര്‍ഡില്‍ മോഷണം പതിവായതും നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. സാമൂഹികവിരുദ്ധരുടെ ശല്യം ഏറെയുള്ള ചെമ്മട്ടംവയലില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയില്‍ സുരക്ഷാ സൗകര്യങ്ങളുടെ അപര്യാപ്തത രോഗികളില്‍ ഭീതിയുണ്ടാക്കുന്നു. സന്ധ്യമയങ്ങിയാല്‍ പേവാര്‍ഡില്‍ കൊതുകുശല്യവും രൂക്ഷമാണ്. ചെറിയ രോഗങ്ങളുമായി ആശുപത്രിയിലത്തെുന്നവര്‍ക്ക് കൊതുകു കടിയേറ്റ് മാരക രോഗം പിടിപെടുന്ന സാഹചര്യമാണ്. ഗൈനക്കോളജി, സര്‍ജറി വിഭാഗത്തിലെ രോഗികളാണ് പേ വാര്‍ഡിനെ ഏറെയും ആശ്രയിക്കുന്നത്. പേ വാര്‍ഡില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.