അക്രമം തുടരുന്നു; നിരവധി പേര്‍ ആശുപത്രികളില്‍

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാഞ്ഞങ്ങാടും സമീപ പ്രദേശങ്ങളിലും അക്രമസംഭവങ്ങള്‍ തുടരുന്നു. നിരവധി പേരാണ് ആശുപത്രികളിലുള്ളത്. നാല്‍പതോളം കേസുകളാണ് ഹോസ്ദുര്‍ഗ് അമ്പലത്തറ, ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.  കൂളിയങ്കാല്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകന്‍ പി.കെ. അബ്ദുസലാമിന്‍െറ വീടാക്രമിച്ച സംഭവത്തില്‍ ടി.പി. ഷരീഫ, ഫൈസല്‍, കുഞ്ഞബ്ദുല്ല, ഉബൈദ്, റമീസ് എന്നിവരടക്കം പത്തോളം പേര്‍ക്കെതിരെ കേസെടുത്തു. പുഞ്ചാവിയില്‍ ഇസ്മാഈലിനെ അക്രമിച്ച സംഭവത്തില്‍ ഷറഫുദ്ദീന്‍, മുഹമ്മദ്, അസ്ലം എന്നിവര്‍ക്കെതിരെ കേസെടുത്തു. അജാനൂര്‍ കടപ്പുറത്ത് സി.പി.എം പ്രവര്‍ത്തകന്‍ എ.ആര്‍. രഞ്ജിത്തിനെ ആക്രമിച്ച സംഭവത്തില്‍ അജ്മല്‍, ഖാദര്‍, സാദിഖ്, നബീല്‍, ഹുസൈന്‍, അഫ്സല്‍ തുടങ്ങി 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. ഉദുമയില്‍ മുതിയക്കാല്‍ കോട്ടപ്പാറയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  
അജാനൂര്‍ കടപ്പുറത്തെ ലീഗ് പ്രവര്‍ത്തകന്‍ അഹ്സലിനെ ഒരുസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.  അജാനൂര്‍ തീരപ്രദേശത്ത് ചൊവ്വാഴ്ച സന്ധ്യയോടെ ദ്രുതകര്‍മ സേനയെ ഇറക്കിയിരിക്കുകയാണ്. ആവിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബാവഗനറിലെ സഹീര്‍ (22), മന്‍സൂര്‍ (23), മര്‍ഷാദ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സഹീറിനെയും മന്‍സൂറിനെയും അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ഷാദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃക്കരിപ്പൂര്‍: മേഖലയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ചന്തേര പൊലീസ് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറുപതില്‍പരം പേര്‍ പ്രതികളായ കേസുകളില്‍ അഞ്ചെണ്ണം ജാമ്യമില്ലാത്ത വകുപ്പുകളിലാണ്. ഇളമ്പച്ചി സൗത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തെ യു.ഡി.എഫ് വോട്ടര്‍ സ്ളിപ് വിതരണ കേന്ദ്രത്തിലേക്ക് ബൈക്ക് കയറ്റി  യു.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. അനിത ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ തലിച്ചാലത്തെ ജയേഷ്, രതീഷ്, ഷിജിത്ത്, പ്രസാദ് എന്നിവര്‍ ഉള്‍പ്പെടെ ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഒളവറ ബ്ളോക് പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് ചീഫ് എജന്‍റ് കെ. ശ്രീധരനെആക്രമിച്ച സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകരാണ് പ്രതികള്‍. എല്‍.ഡി.എഫ് ഒളവറ ഡിവിഷന്‍ സ്ഥാനാര്‍ഥി പി. തങ്കമണിയെ മര്‍ദിച്ച സംഭവത്തില്‍ കെ. ശ്രീധരന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. 
പിലിക്കോട് ചന്തേര ജി.യു.പി സ്കൂള്‍ പരിസരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരായ ഫവാസ്, യാസര്‍ എന്നിവര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ നിഥിന്‍, ബാബു തുടങ്ങി ഒരു കൂട്ടമാളുകള്‍ക്ക് എതിരെയും  കേസെടുത്തു. പിലിക്കോട് എരവിലില്‍ യു.ഡി.എഫ് ചീഫ് എജന്‍റ് വി.കെ. സോമനാഥന്‍െറ വീട്ടിന് നേരെയുണ്ടായ അക്രമത്തില്‍ രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു.  ആയിറ്റി ഒന്നാം വാര്‍ഡിലെ യു.ഡി.എഫ് പ്രവര്‍ത്തകരും സ്വതന്ത്ര സ്ഥാനാര്‍ഥി പ്രവര്‍ത്തകരും തമ്മിലുണ്ടായ  സംഘട്ടനത്തില്‍ രണ്ട് കേസുകളിലായി 12 പേര്‍ക്കെതിരെയും ചന്തേര പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.