‘സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കണം’

കാസര്‍കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്. ജില്ലാ കുടുംബശ്രീ മിഷന്‍െറ ആഭിമുഖ്യത്തില്‍ നടന്ന നിര്‍ഭയ-ക്രൈം മാപ്പിങ് തുടര്‍ അവലോകന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് നിയമത്തിന്‍െറ പരിരക്ഷ ലഭ്യമാണെന്നും അതിക്രമങ്ങള്‍ മൂടിവെക്കാതെ ധൈര്യസമേതം തുറന്ന് പറയാനുള്ള ആര്‍ജവം പൊതുസമൂഹം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്‍ കോ ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ആഭ്യന്തര വകുപ്പിന്‍െറയും സാമൂഹികനീതി വകുപ്പിന്‍െറയും നേതൃത്വത്തില്‍ നിര്‍ഭയ പദ്ധതി ജില്ലയില്‍ നടപ്പാക്കി വരുന്നു. ഇതിന്‍െറ ഭാഗമായി ബേഡഡുക്ക, കയ്യൂര്‍ ചീമേനി, കിനാനൂര്‍-കരിന്തളം, പിലിക്കോട്, വലിയപറമ്പ് എന്നീ നിര്‍ഭയ പഞ്ചായത്തുകളില്‍ കുടുംബശ്രീ വഴി ക്രൈംമാപ്പിങ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തദ്ദേശ സ്വയംഭരണ പ്രദേശത്തെ സ്ത്രീ സൗഹൃദ-നിര്‍ഭയ പ്രദേശമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ വിവിധ തലങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്നീ വിഷയത്തില്‍ ശില്‍പശാലയില്‍ ക്ളാസെടുത്തു. നിര്‍ഭയ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍, ജെന്‍ഡര്‍ റിസോഴ്സ് പേഴ്സന്മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.