അഴിത്തല തീരദേശ പൊലീസ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം അഴിത്തല തീരദേശ പൊലീസ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 40 ലക്ഷം രൂപ ചെലവഴിച്ച് കേരള പൊലീസ് ഹൗസിങ് സൊസൈറ്റിയാണ് കെട്ടിടം നിര്‍മിച്ചത്. അഴിത്തല അഴിമുഖത്തോട് ചേര്‍ന്ന് കിഴക്ക് പൊലീസ് സ്റ്റേഷന്‍ പരിസരം സാമൂഹിക ദ്രോഹികളുടെ താവളമായി മാറിയിരുന്നു. പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്‍െറ പ്രവൃത്തി ഉടന്‍ ആരംഭിക്കും. സ്റ്റാഫുകളുടെ നിയമനം ജനുവരി ആദ്യവാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച കോസ്റ്റല്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ അഴിത്തല പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വന്നത്. തെക്ക് ഏഴിമലക്ക് സമീപം തയ്യല്‍ കടപ്പുറം മുതല്‍ മഞ്ചേശ്വരം വരെയുള്ള കടല്‍ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പൊലീസ് സ്റ്റേഷന്‍ നിര്‍മിച്ചത്. ഒരു സി.ഐ, മൂന്ന് എസ്.ഐ, ഒമ്പത് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ ഒരു തീരദേശ പൊലീസ് സ്റ്റേഷനില്‍ 66 ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ചട്ടം. തീരസുരക്ഷക്കായി സിന്തറ്റിക് ബോട്ട് ആവശ്യമാണ്. അതിര്‍ത്തി സുരക്ഷക്കും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് തീരദേശ പൊലീസ് സ്റ്റേഷന്‍ നിര്‍മിച്ചത്. എത്രയും പെട്ടെന്ന് പ്രവര്‍ത്തിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് കോസ്റ്റല്‍ സി.ഐ സി.കെ. സുനില്‍ കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.