താഴെചൊവ്വ-ആറ്റടപ്പ റോഡിലെ വിള്ളൽ; എൻജിനീയറിങ് വിഭാഗം അന്വേഷിച്ച് റിപ്പോർട്ട് നൽകും

കണ്ണൂർ: താഴെചൊവ്വ-ആറ്റടപ്പ റോഡിലുള്ള വിള്ളൽ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോർപറേഷൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കോർപറേഷൻ അധികൃതർ, കെട്ടിട ഉടമ പ്രതിനിധിയും നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകിയത്. സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. റോഡിന് സമീപത്തായി നടക്കുന്ന കെട്ടിട നിർമാണത്തെ തുടർന്നാണ് റോഡിന് വിള്ളലുണ്ടായത്. റോഡിൻെറ ഒരു ഭാഗം താഴ്ന്നതോടെ നാട്ടുകാർ ഗതാഗതം തടസ്സെപ്പടുത്തി. തുടർന്നാണ് കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ യോഗം വിളിച്ചുചേർത്തത്. കെട്ടിട നിർമാണം തുടങ്ങിയതോടെ സമീപത്തെ വീടുകളുടെ കിണറുകൾ വറ്റിയിരുന്നു. 48ഓളം വീട്ടുകാർ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി നൽകിവരുന്ന ശുദ്ധജല വിതരണം തുടരാനും കോർപറേഷൻ നിർദേശം നൽകി. കെട്ടിട നിർമാണം ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ നിർദേശം നൽകിയതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മേയർക്ക് പുറമെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി.ഒ. മോഹനൻ, വെള്ളോറ രാജൻ, കൗൺസിലർമാരായ എൻ. ബാലകൃഷ്ണൻ, ഷഹീദ, കോർപറേഷൻ സെക്രട്ടറി ഡി. സാജു, സൂപ്രണ്ടിങ് എൻജിനീയർ വി.പി. സജീവൻ എന്നിവരും സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം നാട്ടുകാരും കെട്ടിട ഉടമകളുടെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.