ജെ.എൻ.യു അക്രമം: രാജ്യത്തെ നിയന്ത്രിക്കുന്നത്​ ഫാഷിസ്​റ്റുകൾ രാഹുൽ

അപലപിച്ച് നേതാക്കൾ ന്യൂഡൽഹി: ഫാഷിസ്റ്റുകളാണ് രാജ്യത്തെ നിയന്ത്രിക്കുന്നത് എന്നതിന് തെളിവാണ് വിദ്യാർഥികൾക് കുനേരെ കാമ്പസിനുള്ളിൽ നടന്ന അക്രമമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ ധീരമായ ശബ്ദത്തെ നേരിടാനാവാതെ പേടിയിൽനിന്നുണ്ടായതാണ് ജെ.എൻ.യുവിലെ അക്രമം. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് മുഖംമൂടികളുടെ അഴിഞ്ഞാട്ടം രാഹുൽ ട്വീറ്റ് ചെയ്തു. വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ അക്രമം ആസൂത്രിതമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എ.ബി.വി.പിയാണ് അക്രമത്തിന് പിന്നിൽ. 18ലേറെ വിദ്യാർഥികൾ ഗുരുതര പരിക്കുകളോടെ എയിംസിൽ ചികിത്സ തേടിയതായി തനിക്ക് വിവരം ലഭിച്ചതായി യെച്ചൂരി പ്രതികരിച്ചു. അതിനിടെ, പരിക്കേറ്റവരെ കാണാൻ സി.പി.എം നേതാക്കൾ എയിംസിലെത്തി. ജനാധിപത്യത്തിനുണ്ടായ നാണക്കേടാണ് ജെ.എൻ.യുവിലെ ഗുണ്ടാ ആക്രമണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിദ്യാർഥികൾക്ക് പിന്തുണയർപ്പിച്ച് ദിനേഷ് ത്രിവേദിയുടെ നേതൃത്വത്തിൽ നാല് തൃണമൂൽ നേതാക്കൾ ക്യാംപസിലെത്തുമെന്നും അവർ ട്വിറ്ററിലൂടെ പ്രതികരിച്ചു. വാക്കുകൾകൊണ്ട് വിശദീകരിക്കാനാകാത്ത അക്രമത്തെ അപലപിക്കുന്നതായും അവർ കുറിച്ചു. ജെ.എൻ.യു അക്രമസംഭവങ്ങളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടുക്കം പ്രകടിപ്പിച്ചു. വിദ്യാർഥികൾ ക്രൂരമായി ആക്രമിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കാമ്പസുകൾക്കുള്ളിൽ വിദ്യാർഥികൾക്ക് സുരക്ഷിതത്വമില്ലെങ്കിൽ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അക്രമം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ പൊലീസ് ഉടൻ ഇടപെടണം. അതിനിടെ, ജെ.എൻ.യുവിൻെറ പ്രധാന കവാടത്തിന് മുന്നിൽ ഡൽഹി പൊലീസ് രാത്രിയോടെ നിലയുറപ്പിച്ചു. കവാടത്തിന് മുന്നിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും സ്വരാജ് അഭിയാൻ നേതാവുമായ യോഗേന്ദ്ര യാദവിനു നേരെ കൈയേറ്റ ശ്രമമുണ്ടായതായി റിപ്പോർട്ടുണ്ട്. അടിയന്തരാവശ്യത്തിനായി ഡൽഹി സർക്കാർ നിരവധി ആംബുലൻസുകൾ ജെ.എൻ.യുവിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, ക്രമസമാധാനനില പുനഃസ്ഥാപിക്കാൻ പൊലീസ് ഇടപെടണമെന്ന സർവകലാശാല അധികൃതരുടെ അഭ്യർഥന മാനിച്ച് പൊലീസ് കാമ്പസിൽ പ്രവേശിച്ചതായി ഡൽഹി പൊലീസ് വക്താവ് വെളിപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.