തീരദേശ മേഖലയിലെ കുടിയൊഴിപ്പിക്കൽ ഭീഷണി; യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്

എടക്കാട്: മുഴപ്പിലങ്ങാട് ആറു കിലോമീറ്ററോളം ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ചിൽ കടലിനോടുചേർന്ന് 200 മീറ്ററിനകത്തുവ രെ കാലങ്ങളായി താമസിച്ചുവരുന്ന തീരദേശ മേഖലയിലെ 182 ഓളം കുടുംബങ്ങൾ അനധികൃത താമസക്കാരാണെന്ന കണ്ടെത്തി ഭൂമിയും വീടും ഒഴിഞ്ഞുപോകണമെന്ന അധികൃതരുടെ നിലപാടിനെതിരെ യു.ഡി.എഫ് സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. അധികൃതരുടെ നിലപാടിനാധാരമായ സർവേ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സമരം. ടൂറിസത്തിൻെറ പേരിൽ മുഴപ്പിലങ്ങാട് തീരപ്രദേശങ്ങളിൽ കാലാകാലങ്ങളിലായി താമസിച്ചുവരുന്ന കുടുംബങ്ങളെ അനധികൃതമെന്ന പേരിൽ കുടിയൊഴിപ്പിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. അനധികൃത കെട്ടിടങ്ങൾ എന്നുപറഞ്ഞ് കണ്ണൂർ ജില്ലയിലെ തീരദേശ മേഖലയിലെ 2124 കുടുംബങ്ങളുടെ സർവേ നമ്പർ ഉൾപ്പെടെ ലിസ്റ്റ് ഇതിനകം അധികൃതർ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇതിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ മാത്രം തീരപ്രദേശങ്ങളിൽ ഉള്ള 182 ഓളം കുടുംബങ്ങളുടെ വീടും ഭൂമിയും ഉള്ളതായാണ് പറയുന്നത്. മുഴപ്പിലങ്ങാട് തീരപ്രദേശത്ത് താമസിച്ചിരിക്കെ തന്നെ ഗ്രാമപഞ്ചായത്തിൽ നമ്പറിന് അപേക്ഷ നൽകിയതിൻെറ അടിസ്ഥാനത്തിൽ താൽക്കാലിക നമ്പർ ലഭിക്കുകയും, റേഷൻ കാർഡ്, വൈദ്യുതി കണക്ഷൻ, വാട്ടർ കണക്ഷൻ എന്നിവ ലഭിക്കുകയും ചെയ്ത കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഇത് അനുവദിക്കില്ലെന്ന് യു.ഡി.എഫ് പറയുന്നു. ഇവിടെ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും സ്ഥിര നമ്പർ അനുവദിക്കണമെന്നും വർഷങ്ങളായി പുറംപോക്ക് ഭൂമി കൈവശംവെച്ചുപോരുന്ന മുഴുവൻ കുടുംബങ്ങൾക്കും പട്ടയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഴപ്പിലങ്ങാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തീരദേശ മാർച്ച് നടത്താനും തീരുമാനിച്ചു. യു.ഡി.എഫ് നേതാക്കളായ സുരേഷ് മമ്മാകുന്ന് അധ്യക്ഷത വഹിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് മുഴപ്പിലങ്ങാട് തെറിമ്മൽ പ്രദേശത്തുനിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് എടക്കാട് ചിൽഡ്രൻസ് പാർക്കിനു സമീപം സമാപിക്കും. തുടർന്ന് നടക്കുന്ന യോഗത്തിൽ തീരദേശ സംരക്ഷണ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. തീരദേശ സംരക്ഷണ സമരത്തെ യു.ഡി.എഫ് ജില്ല കമ്മിറ്റി പിന്തുണക്കുമെന്നും നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.