പ്രവാസിയുടെ അടച്ചിട്ടവീട്ടിൽ മോഷണം

തലശ്ശേരി: ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിലെ അണ്ടലൂരിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഏതാണ്ട് 21 പവൻ സ്വർണാഭരണങ്ങളും മറ്റ് വിലകൂടിയ സാധനങ്ങളും നഷ്പ്പെട്ടതായാണ് വിവരം. അണ്ടലൂർ കാവിന് സമീപം ശ്രേയസ്സ് വീട്ടിലാണ് കവർച്ച നടന്നത്. പ്രവാസിയായ വാഴയിൽ സുകുമാര‍ൻെറ വീടാണിത്. സുകുമാര‍ൻെറ ഭാര്യ ടി.കെ. ശ്രീജയും രണ്ട് ആൺമക്കളും ബംഗളൂരുവിലാണ് താമസം. ഇടക്ക് മാത്രമേ കുടുംബം അണ്ടലൂരിലെ വീട്ടിൽ താമസിക്കാറുള്ളൂ. രണ്ടാഴ്ച മുമ്പ് ഒരു കല്യാണത്തിനായി വന്ന ശേഷം തിരികെ പോയതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് വീട്ടുകാർ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കാണപ്പെട്ടത്. അടുക്കളവാതിൽ കുത്തിത്തുറന്ന നിലയിലാണ്. ജനൽവഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്നാണ് സൂചന. ജനൽപാളി തകർത്തശേഷം ഇരുമ്പ് ഗ്രിൽസ് ഏക്സോ ബ്ലേഡ് കൊണ്ട് അറുത്ത് മാറ്റിയാണ് മോഷ്ടാവ് അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാര തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഷെൽഫിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ധർമടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീടും പരിസരവും പരിശോധിച്ചു. ധർമടം പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തി‍ൻെറ നേതൃത്വത്തിലാണ് അന്വേഷണം. അണ്ടലൂരിലെ മോഷണത്തിന് സമാനമായി ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കവർച്ച നടന്നിരുന്നു. ഇവിടെയും ജനൽപാളി തകർത്ത് ഇരുമ്പ് ഗ്രിൽ അറുത്ത് മാറ്റിയാണ് മോഷ്ടാവ് അകത്ത് കയറി കവർച്ച നടത്തിയിരുന്നത്. ഇവിടെനിന്ന് മോഷ്ടാവി‍ൻെറ വിരലടയാളം അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതും അന്വേഷണത്തിന് ഉപയോഗിക്കുമെന്ന് ധർമടം എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.