കോൺഗ്രസിനെ വിശ്വസിച്ച്​ ലീഗിന്​ നിൽക്കാനാവില്ല -കെ.ടി. ജലീൽ

കണ്ണൂർ: കോൺഗ്രസിനെ വിശ്വസിച്ച്‌ ലീഗിന്‌ അധികകാലമൊന്നും നിൽക്കാനാവില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്‌ കണ്ണൂരിൽ ന്യൂനപക്ഷ സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗിന്‌ പുനർവിചിന്തനത്തിനുള്ള സമയമാണിത്‌. സമയം അധികരിച്ചാൽ തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിയാകും. പൗരത്വനിയമത്തിലെ പ്രതിഷേധങ്ങളിൽപോലും കോൺഗ്രസിൽ വിവിധ അഭിപ്രായങ്ങളാണ്‌. ഓരോ നേതാവും ഓരോ രീതിയിലാണ്‌ അഭിപ്രായം പറയുന്നത്‌. ഈ കോൺഗ്രസിനെ എങ്ങനെയാണ്‌ ലീഗ്‌ വിശ്വസിച്ച്‌ മുന്നോട്ടു പോകുകയെന്നും അദ്ദേഹം ചോദിച്ചു. പൗരത്വബില്ലിനെതിരായ പോരാട്ടത്തിൽ രാജ്യത്ത് ആദ്യമായി ഭരണ-പ്രതിപക്ഷ ഭേദമന്യേ ജനങ്ങളെ ഒരു കൊടിക്കീഴിൽ നിർത്താനായത്‌ കേരളത്തിനുമാത്രമാണ്‌. അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലേക്കു പോകാന്‍ അവസരമുണ്ടായിട്ടും കശ്മീരികള്‍ പോകാതിരുന്നതിൻെറ പ്രത്യുപകാരമായാണ് കശ്മീരിനു പ്രത്യേക പദവി നല്‍കിയത്. അതാണ് അവരുടെ സമ്മതമില്ലാതെ എടുത്തുമാറ്റിയ ആര്‍ട്ടിക്കിള്‍ 370ാം വകുപ്പെന്നും അദ്ദേഹം പറഞ്ഞു. ഒ.വി. ജാഫര്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ, കെ.പി. സഹദേവന്‍, പി. ഹരീന്ദ്രന്‍, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, എം. ഷാജര്‍ എന്നിവർ സംസാരിച്ചു. മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തനത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരായ സുമേഷ് മൊറാഴ, പ്രതീഷ് കപ്പോത്ത്, ആനന്ദ് കൊട്ടില, അനീഷ് കാഞ്ഞങ്ങാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.