മാഹി: കേന്ദ്രസർക്കാറിൻെറ നിർദേശപ്രകാരം പെട്രോളിയം മന്ത്രാലയം രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്കായി എഴുത്തുപരീക്ഷയും പരിശീലന ക്ലാസും നടത്തി. ആദ്യ ബാച്ചിൻെറ എഴുത്തുപരീക്ഷ മാഹിയിൽ വെള്ളിയാഴ്ച നടന്നു. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിപ്രകാരമാണ് എഴുത്തുപരീക്ഷ നടത്തുന്നത്. ഓയിൽ മേഖലയിൽ പ്രവൃത്തി എടുക്കുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ജീവനക്കാരെ സ്മാർട്ടാക്കുക എന്നിവയാണ് പരിശീലന ക്ലാസും പരീക്ഷയും കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻെറ പമ്പുകളിലെ ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ പരീക്ഷ നടത്തിയത്. ഘട്ടംഘട്ടമായി മുഴുവൻ ജീവനക്കാരും പരീക്ഷക്ക് ഹാജരാകണം. ഇതിന് മുന്നോടിയായി കഴിഞ്ഞ ഏപ്രിലിൽ പെട്രോൾ പമ്പ് ജീവനക്കാരുടെ ബയോഡാറ്റ പരീക്ഷ നടത്തിപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ഇരിട്ടി, കൊട്ടിയൂർ, കേളകം, മാഹി മേഖലയിലെ മൂലക്കടവ്, ഇടയിൽപീടിക, പള്ളൂർ പ്രദേശങ്ങളിലെ 50 ജീവനക്കാരാണ് ഓൺലൈനായി പരീക്ഷയെഴുതിയത്. പരീക്ഷയിൽ വിജയിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, 500 രൂപ അലവൻസ്, മുദ്ര ലോൺ പദ്ധതി പ്രകാരം തൊഴിലാളിക്ക് വായ്പ സൗകര്യം, എസ്.എസ്.എൽ.സിക്ക് തത്തുല്യമായ സർട്ടിഫിക്കറ്റ് എന്നീ ആനുകൂല്യങ്ങൾക്ക് അർഹരാവും. ഈ കോഴ്സിൽ പരീക്ഷ വിജയിക്കുന്നവർക്ക് വിദേശത്തെ ഓയിൽ കമ്പനികളിൽ ജോലി ലഭിക്കാൻ മുൻഗണന ലഭിക്കും. ഐ.ഒ.സി സെയിൽസ് ഓഫിസർ വി.കെ. അജിത്ത്, പരീക്ഷ നടത്തിപ്പ് ഉദ്യോഗസ്ഥൻ ഷാരോൺ ധനഞ്ജയൻ എന്നിവർ സംബന്ധിച്ചു. പരീക്ഷക്കുശേഷം ജീവനക്കാർക്ക് പരിശീലന ക്ലാസും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.