കൂത്തുപറമ്പ് സബ് ജയിലിന് ഈ മാസം അവസാനം തറക്കല്ലിടും

കൂത്തുപറമ്പ്: സബ് ജയിൽ നിർമാണം ഈ മാസം അവസാനവാരം തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ നിർദിഷ്ട സബ്ജയിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. 3.30 കോടി രൂപ ചെലവിലാണ് കൂത്തുപറമ്പിൽ പുതിയ സബ്ജയിൽ നിർമിക്കുന്നത്. 60 ഓളം തടവുകാർക്ക് പാർക്കാനുള്ള സൗകര്യമാണ് നിർദിഷ്ട സബ്ജയിലിൽ ഒരുക്കുക. ബ്രിട്ടീഷുകാരുടെ കാലത്ത് കൂത്തുപറമ്പിൽ ഉണ്ടായിരുന്ന സബ് ജയിലിൻെറ സ്ഥാനത്താണ് പുതിയ ജയിലിൻെറ നിർമാണം. സബ്ജയിൽ വളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ മാസം അവസാനവാരത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ സബ് ജയിലിന് തറക്കല്ലിടുമെന്ന് ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ പറഞ്ഞു. സബ് ജയിൽ ചുറ്റുമതിലിൻെറ നിർമാണം ഉടൻ ആരംഭിക്കും. ഒരു വർഷം കൊണ്ടുതന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് ജയിൽ വകുപ്പ്. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്നുള്ള റിമാൻഡ് തടവുകാരെയാണ് പ്രധാനമായും കൂത്തുപറമ്പ് സബ് ജയിലിൽ പാർപ്പിക്കുക. തറക്കല്ലിടൽ ചടങ്ങിന് വേണ്ട ഒരുക്കങ്ങളെക്കുറിച്ച് ജയിൽ ഡി.ജി.പിയും സംഘവും വിലയിരുത്തി. ജയിൽ വകുപ്പ് ഉത്തരമേഖല സ്പെഷൽ ഓഫിസർ എം.വി. രവീന്ദ്രൻ, കണ്ണൂർ സബ് ജയിൽ സൂപ്രണ്ട് കെ.വി. രവീന്ദ്രൻ, സെൻട്രൽ ജയിൽ അസി. സൂപ്രണ്ടുമാരായ ടി.വി. അശോകൻ, എ. കൃഷ്ണദാസ്, നോഡൽ ഓഫിസർ എ. ജിതേഷ് എന്നിവരും ഡി.ഐ.ജിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.