ബദിയഡുക്ക: കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയിൽ കവുങ്ങ് തോട്ടങ്ങൾ നിലംപൊത്തിയത് കർഷകരുടെ സ്വപ്നങ്ങൾ തകർത്തു. തുടച്ചയായി വന്ന കനത്ത മഴയും കാറ്റും വലിയതോതിലാണ് നാശമുണ്ടാക്കിയത്. ബദിയഡുക്ക പഞ്ചായത്തിലെ പള്ളത്തടുക്ക, കോരിക്കാർ, പെരഡാല, കുള മറുവ, കൊല്ലമ്പാറ, കുംട്ടിക്കാന തുടങ്ങിയ സ്ഥലങ്ങളിലും കുമ്പഡാജെ പഞ്ചായത്തിലെ ഏത്തടുക്ക, നാരപ്പാടി, നടുമനെ, ചെറുണി എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷിയിടം നിലംപതിഞ്ഞത്. മഹാളി രോഗംമൂലം നേരത്തെ അടക്ക കൊയ്തെടുക്കുന്നതിന് മുമ്പുതന്നെ നശിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. കൃഷി നശിച്ച കൃഷികൾക്ക് കൃഷിഭവൻവഴി സർക്കാർ പണം നൽക്കുന്നുണ്ട്. എന്നാൽ, സമയബന്ധിതമായി അപേക്ഷ നൽകാത്തതിൻെറ പേരിൽ ആനുകൂല്യങ്ങളും പലർക്കും ലഭിക്കാതെ പോകുന്നു. ഒരു കവുങ്ങിന് 300 രൂപയാണ് നൽകുന്നത്. കൃഷിനാശം സംഭവിച്ച് 24 മണിക്കൂറിന് മുമ്പ് ബന്ധപ്പെട്ട ഓഫിസിൽ റിപ്പോർട്ട് നൽകണം. പിന്നീട് ആവശ്യമായ രേഖകൾ ഉൾപ്പെടെ 10 ദിവസത്തിനകം അപേക്ഷ നൽകിയാൽ ഒരു മാസത്തിനിടയിൽ കർഷകൻെറ അക്കൗണ്ടിലേക്ക് പണം ലഭിക്കുമെന്നാണ് കൃഷി ഓഫിസ് അധികൃതർ പറയുന്നത്. ഇത് ചെയ്യാൻ തയാറാവാത്ത കർഷകർ ഉള്ളതായി പറയുന്നു. സർക്കാർ നൽകുന്ന തുക ലഭിച്ചാലും കൃഷിയോടുള്ള താൽപര്യം ഇല്ലാത്ത സ്ഥിതിയിലേക്കാണ് കർഷകരുടെ അവസ്ഥ. കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കുന്നവരാണ് കൂടുതൽപേരും. കാലവർഷക്കെടുതിയിൽ നാശം ഉണ്ടായവർക്ക് സർക്കാർ തലത്തിൽ പ്രേത്യക പാക്കേജ് വേണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.