പ്രളയത്തെ അതിജീവിച്ച് ഏഴോം മൂന്ന്, നാല് നെൽവിത്തുകൾ പഴയങ്ങാടി: കണ്ണൂരിൻെറ നെല്ലറ എന്നറിയപ്പെടുന്ന ഏഴോം, കാർഷി ക നഷ്ടക്കണക്കുകൾ മറന്ന് നെൽകൃഷിയുടെ പുതിയ വിജയഗാഥയുമായി കൈപ്പാടുകളിൽ കൊയ്ത്തുത്സവം തുടങ്ങി. തരിശുരഹിത കൈപ്പാട് പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്തിൻെറ കൂടി സഹകരണത്തോടെ ഏഴോം ഗ്രാമ പഞ്ചായത്ത് 65 ഏക്കർ കൈപ്പാട് കൃഷിയോഗ്യമാക്കി 48 ഏക്കറിലാണ് കൃഷി നടത്തിയത്. കൊയ്ത്തുത്സവത്തിൻെറ ഉദ്ഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല അധ്യക്ഷത വഹിച്ചു. 117 ഏക്കറോളം കൃഷിയുണ്ടായിരുന്ന അവത്തെകൈ-കൈപ്പാട് മേഖലയിൽ 67 ഏക്കറോളം കൈപ്പാട് കൃഷിയെന്ന ലക്ഷ്യവുമായിറങ്ങിയ പഞ്ചായത്തിന് കാർഷിക സർവകലാശാല, കൃഷി വകുപ്പ് , പാടശേഖര സമിതികൾ, ഡി.വൈ.എഫ്.ഐ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് വിഭാഗം, കർഷകർ എന്നിവരുടെ പൂർണ സഹകരണമാണുണ്ടായത്. ജൂലൈ 11നാണ് ഏഴോം പഞ്ചായത്തിൻെറ ഉത്സവമായി നടീൽ ഉത്സവത്തിന് തുടക്കമിട്ടത്. കുതിര് ഉൾെപ്പടെയുള്ള പരമ്പരാഗത വിത്തുകൾക്ക് പുറമെ ഏഴോമിൽ നിന്ന് വികസിപ്പിച്ചെടുത്ത ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല് വിത്തുകളും കൃഷിയിറക്കി. പ്രളയം കൃഷിനാശ ഭീഷണിയുയർത്തിയെങ്കിലും ഒടിഞ്ഞുവീഴാത്ത നെൽചെടികളായി വികസിപ്പിച്ചെടുത്ത ഏഴോം മൂന്ന്, നാല് വിത്തുകൾ വൻ വിളവിൻെറ കതിരുകളിട്ടാണ് കൈപ്പാട് കൃഷിയെ കനിഞ്ഞത്. കൈപ്പാട് കൃഷിയിലുള്ള വൻ വിളവ് വലിയ പ്രതീക്ഷയാണ് നൽകിയത്. ദിവസങ്ങളോളം കൊയ്ത്ത് തുടരും. പരമ്പരാഗത തൊഴിലാളികളും തൊഴിലുറപ്പു തൊഴിലാളികളും ചേർന്ന് കൊയ്തെടുക്കുന്നതും കാർഷിക ജോലിയിൽ തദ്ദേശീയ സാന്നിധ്യത്തിൻെറ സന്ദേശമാണ് നൽകുന്നത്. സി.ഒ. പ്രഭാകരൻ, ആർ. അജിത, എ.കെ. വിജയൻ, എ. സുരേന്ദ്രൻ, കെ. സതീഷ് കുമാർ, എ. സുദാജ്, എം.കെ. സുകുമാരൻ, പി. ഗോവിന്ദൻ, കെ.പി. മോഹനൻ, പി.സി. രാഘവൻ, സർഹബിൽ, ടി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.