തുരുത്തി ഇറച്ചി മാലിന്യ സംസ്‌കരണ പ്ലാൻറ്​; പരീക്ഷണാടിസ്​ഥാനത്തിൽ വീണ്ടും പ്രവർത്തനം തുടങ്ങി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഇറച്ചി മാലിന്യ സംസ്കരണ പ്ലാൻറിൽ പരീക്ഷണാടിസ്ഥാനത്തിൽ വീണ്ടും സംസ്കരണം തുടങ് ങി. സെപ്റ്റംബർ രണ്ടാംവാരം പ്രവർത്തനം നിർത്തിയ പ്ലാൻറിലാണ് ബുധനാഴ്ച മുതൽ സംസ്കരണം പുനരാരംഭിച്ചത്. കണ്ണൂർ എ.ഡി.എമ്മിൻെറ നേതൃത്വത്തിൽ രൂപവത്കരിച്ച നിരീക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഓണക്കാലത്ത് പ്ലാൻറിൽനിന്ന് രൂക്ഷമായ ദുർഗന്ധം പ്രദേശത്ത് വ്യാപിച്ചിരുന്നു.തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നു. ഇതോടെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്ലാൻറിൻെറ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. നാലു മണിക്കൂറിനുള്ളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ മാത്രമേ പ്ലാൻറിൽ ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് പുതിയ നിർദേശം. തുടർച്ചയായി 10 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ സംസ്കരണം നടത്തി, ദുർഗന്ധം വമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ പ്ലാൻറിന് തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകൂവെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്ലാൻറിൽ നിലവിലുള്ള ഫിൽട്ടർ സംവിധാനവും ഫ്രീസറും വേണ്ടെന്നുവെച്ചു. പകരം ദേശീയ പരിസ്ഥിതി പ്രവർത്തക സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൊറ്റ്യാൽ കൃഷ്ണൻ രൂപകൽപന ചെയ്ത പ്രകൃതിദത്ത ഫിൽട്ടറിങ് സംവിധാനം ഉപയോഗപ്പെടുത്തും. മാലിന്യം ഫ്രീസറിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നതും ദുർഗന്ധത്തിന് കാരണമായെന്ന് വിദഗ്ധർ കണ്ടെത്തി. പരീക്ഷണ പ്രവർത്തനം കാണാനും വിലയിരുത്താനുമായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. റീന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാണിക്കര ഗോവിന്ദൻ (സി.എം.പി), രാജേഷ് കീച്ചേരി (ബി.ജെ.പി), എം.സി. ദിനേശൻ (കോൺഗ്രസ്), ഒ.കെ. മൊയ്തീൻ (ലീഗ്), സി. ഷഫീക്ക് (എസ്.ഡി.പി.ഐ), ഇ. രാഘവൻ (പി.കെ.എസ്), ഉദ്യോഗസ്ഥരായ ഹരിത കേരളം മിഷൻ റിസോഴ്സ്പേഴ്സൻ കെ. സാവിത്രി, മാലിന്യ നിയന്ത്രണ ബോർഡിലെ എൻജിനീയർമാർ, പഞ്ചായത്ത് അസി. സെക്രട്ടറി കെ. വിനോദ് കുമാർ തുടങ്ങിയവർ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.