തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ സമഗ്രവികസന പരിപാടിയായ സമൃദ്ധിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിലെ വായാട് നീർത്തടത്തിൽ വ്യാഴാഴ്ച 4000 ഫലവൃക്ഷത്തൈകൾ നടും. രാവിലെ ഒമ്പതിന് പുളിയൂൽ അഴീക്കോടൻ സ്മാരക വായനശാല പരിസരത്ത് വൃക്ഷത്തൈ നടീൽ ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻറ് എ. രാജേഷ് അറിയിച്ചു. ഫലവൃക്ഷങ്ങൾ നട്ട് നീർത്തടത്തിലെ മണ്ണ്-ജല സംരക്ഷണവും പ്രദേശത്തിൻെറ വൃക്ഷാവരണവും ജൈവവൈവിധ്യ ശേഖരവും വർധിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ മധുരം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പ്രദേശത്തിന് അനുയോജ്യമായ 14 ഇനം ഫലവൃക്ഷത്തൈകളാണ് കർഷകരുടെ ഭൂമിയിൽ നടുന്നത്. കരിമ്പം ജില്ല കൃഷിഫാമിൽ ഉൽപാദിപ്പിച്ച മേൽത്തരം തൈകളാണ് കർഷകർക്ക് നൽകുന്നത്. നടീൽ വസ്തുക്കളും ചെലവും നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. വിജയകരമായി ഇവ നട്ടുവളർത്തുന്ന കർഷകന് തൈ ഒന്നിന് 50 രൂപ നിരക്കിൽ നടീൽ ചെലവ് അനുവദിക്കും. നീർത്തട ഗുണഭോക്തൃ കമ്മിറ്റി, 1015 കുടുംബങ്ങളടങ്ങിയ നാനോ ക്ലസ്റ്ററുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ധനസഹായത്തോടെ മണ്ണ് സംരക്ഷണ വകുപ്പും പരിയാരം ഗ്രാമപഞ്ചായത്തും നടപ്പാക്കുന്ന വായാട് നീർത്തട വികസന പദ്ധതിയാണ് വിവിധം മധുരം എന്ന പേരിൽ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.