വാടക കുടിശ്ശിക ഒരു കോടിവരെ; ജീവിതം വഴിമുട്ടി വ്യാപാരികൾ

പയ്യന്നൂർ: കെട്ടിട ഉടമ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരു കോടിയിലധികം വരെ വാടക കുടിശ്ശിക നൽകാൻ വിധിയായതിലൂടെ പയ്യന്നൂർ നഗരത്തിലെ 18 വ്യാപാരികൾ ദുരിതക്കയത്തിൽ. ഏഴര ലക്ഷം മുതൽ ഒരു കോടി 11 ലക്ഷം വരെ വാടക കുടിശ്ശികയിനത്തിൽ നൽകാനുണ്ട്. ഇത് ഒരു കാരണവശാലും നൽകാൻ സാധിക്കില്ലെന്നും വിധി നടപ്പാക്കുകയാണെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലാണെന്നും വ്യാപാരികൾ പറയുന്നു. പ്രതിമാസം 300 രൂപ മുതൽ 800 രൂപ വരെ നൽകിയിരുന്ന വാടകയാണ് വർധിപ്പിച്ചുനൽകാൻ ജില്ല കോടതി ഉത്തരവായത്. 7200 മുതൽ ഒരു ലക്ഷത്തിനാലായിരം വരെയായാണ് നൽകാൻ ഉത്തരവായത്. ഇതുപ്രകാരം 18 വ്യാപാരികൾ ആകെ 6,46,70,070 രൂപ ഉടമക്ക് നൽകണം. ഇത് എങ്ങനെ നൽകുമെന്ന് വ്യാപാരികൾ ചോദിക്കുന്നു. മുമ്പ് പ്രതിമാസം 700 രൂപ കൊടുത്തിരുന്നിടത്ത് ഒരു വ്യാപാരി ഇപ്പോൾ കൊടുക്കേണ്ടത് 79, 350 രൂപയാണ്. ഇത് മുൻകാല പ്രാബല്യത്തോടെ 33,65,081 രൂപ കൊടുക്കണം. ഇതുപോലെ ഒരു ലക്ഷം രൂപ വരെ പ്രതിമാസ വാടകയും ഒരു കോടി രൂപയിലധികം കുടിശ്ശികയും നൽകണം. ടൗണിലെ മംഗല്യ സ്റ്റുഡിയോ ഉടമ പത്മനാഭൻ കുടിശ്ശിക ഇനത്തിൽ 1,11,00,320 രൂപയും റോയൽ ഇലക്ട്രിക്സ് ഉടമ മുഹമ്മദലി 92, 22000 രൂപയും നൽകണം. വർധിപ്പിച്ച വാടകയുടെ പകുതിപോലും നൽകാനാവാത്ത സ്ഥിതിയിലാണ് മിക്ക കടക്കാരും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ ഉടമകളോട് സംസാരിച്ചുവെങ്കിലും കുറക്കാൻ തയാറാവാത്തത് പ്രശ്ന പരിഹാരത്തിനുള്ള സാധ്യത ഇല്ലാതായി. നിയമാനുസൃതം വർഷത്തിൽ നിശ്ചിത തുകയുടെ വർധന നൽകാൻ തയാറാണെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, കോടതി നിർദേശിച്ച തുക തന്നെ വേണമെന്ന് ഉടമകൾ ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പൊതുവേ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറവാണ്. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടെ സൂപ്പർ മാർക്കറ്റുകളും നഗരങ്ങളിൽ മാളുകളും വ്യാപകമായതോടെ നഗരത്തിലെ ചെറുകിട ഷോപ്പുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വാഹന പാർക്കിങ് ഇല്ലാത്തതും വ്യാപാരമാന്ദ്യത്തിന് കാരണമാണ്. ഈ പ്രതിസന്ധി നിലനിൽക്കെയാണ് ഭീമമായ വാടക കുടിശ്ശിക ഇവരുടെ ജീവിതം തകർക്കുന്നത്. വ്യാപാരികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലിന് പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് പീടിക സംരക്ഷണ ബഹുജന കൂട്ടായ്മ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.