കുപ്പം-ചുടല-പാണപ്പുഴ-കണാരംവയൽ റോഡ് ഫെബ്രുവരിയിൽ പൂർത്തീകരിക്കും

പയ്യന്നൂർ: കുപ്പം-ചുടല-പാണപ്പുഴ-കണാരംവയൽ റോഡ് ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. പ്രവൃത്തി നടക്കുന്ന സ്ഥലങ്ങൾ ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തി വിലയിരുത്തി. റോഡ് പ്രവൃത്തി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ പരിശോധന. ചുടല മുതൽ മാതമംഗലം വരെ പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും മാതമംഗലം മുതൽ ഏര്യം വരെയുള്ള പ്രവൃത്തി പുരോഗതിയില്ലെന്ന് എം.എൽ.എ ഉദ്യോഗസ്ഥരെ അറിയിച്ചു. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് കൾവർട്ടിൻെറ പ്രവൃത്തി വേഗത്തിലാക്കണം. സ്ഥലം ലഭ്യമായ ഇടങ്ങളിൽ റോഡിൽ മുഴുവനായി കൾവർട്ടിൻെറ പ്രവൃത്തി ആരംഭിക്കുകയും അല്ലാത്തിടത്ത് റോഡ് പകുതി കട്ട് ചെയ്ത് കൾവർട്ടിൻെറ പ്രവൃത്തി പൂർത്തിയാക്കുകയും വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. 38 കൾവർട്ടുകളാണ് പ്രസ്തുത റോഡിൽ ഉള്ളത്. നാലെണ്ണം മാത്രമാണ് പൂർത്തിയായത്. ബാക്കിയുള്ളവ നവംബർ 30നകം പൂർത്തീകരിക്കണമെന്ന് എം.എൽ.എ കർശന നിർദേശം നൽകി. റോഡ് പണിക്കിടെ പ്രസ്തുത റോഡിൽ കുടിവെള്ള പൈപ്പുകൾ കേടുവരാതിരിക്കാൻ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പ്രത്യേക സംവിധാനം ഉണ്ടാക്കണം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നടത്താനും തീരുമാനിച്ചു. നിലവിലെ പൈപ്പുകൾ മാറ്റിയിടുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പ് തൊഴിലാളികളുടെ സേവനവും ലഭ്യമാക്കും. കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് 12 കോടി രൂപയുടെ എസ്റ്റിമേറ്റ് എം.എൽ.എയുടെ ശിപാർശ പ്രകാരം കിഫ് ബോർഡിൻെറ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. റോഡിൽ ബസ് ബേകൾ, വെയ്റ്റിങ്് ഷെൽട്ടറുകൾ, തെരുവ് വിളക്കുകൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. സംസ്ഥാന സർക്കാർ 57.59 കോടി രൂപയാണ് കിഫ്ബി മുഖേന റോഡ് പ്രവൃത്തിക്ക് അനുവദിച്ചത്. എം.എൽ.എയോടൊപ്പം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ, കെ. പത്മനാഭൻ, അസി. എൻജിനീയർ സി. ദേവേശ്, പ്രോജക്ട് മാനേജർ പി.ടി. രത്നാകരൻ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ സുരജാ നായർ, രാധാകൃഷ്ണൻ , ടെക്നിക്കൽ അസി. ശ്രീവത്സൻ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.