മഴക്കെടുതി പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു

ഇന്ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കും കണ്ണൂർ: കനത് ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയിലുണ്ടായ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇരിട്ടി താലൂക്കിലെ മഴക്കെടുതി ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ഉളിക്കല്‍ പഞ്ചായത്തുകള്‍, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര ജോയൻറ് സെക്രട്ടറി ശ്രീപ്രകാശ്, കൃഷി മന്ത്രാലയം ഡയറക്ടര്‍ ഡോ. കെ. മനോഹരന്‍, ധനമന്ത്രാലയം ഡയറക്ടര്‍ എസ്.സി. മീണ, ഊര്‍ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.പി. സുമന്‍ എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയത്. മഴക്കെടുതി മൂലം ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, കൃഷി തുടങ്ങിയവക്കുണ്ടായ നാശനഷ്ടം നേരില്‍ കണ്ടതായി സംഘത്തിന് നേതൃത്വം നല്‍കുന്ന ശ്രീപ്രകാശ് പറഞ്ഞു. മറ്റു ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര സംഘവുമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാഴ്ചക്കകം കേന്ദ്രസര്‍ക്കാറിന് പ്രളയനഷ്ടത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലയിലുണ്ടായ മഴക്കെടുതി നാശനഷ്ടങ്ങളെക്കുറിച്ച് കലക്ടര്‍ വിശദീകരിച്ചു. ആഗസ്റ്റിലുണ്ടായ മഴക്കെടുതിയില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 133 വീടുകള്‍ പൂര്‍ണമായും 2026 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റോഡുകള്‍, പാലങ്ങള്‍, കൃഷി, മത്സ്യ-മൃഗസമ്പത്ത്, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ജലസേചന വകുപ്പ് തുടങ്ങിയവക്കുണ്ടായ നഷ്ടം കലക്ടര്‍ വിശദീകരിച്ചു. ജില്ലയിലെ മഴക്കെടുതി ദൃശ്യങ്ങളുടെ വിഡിയോ പ്രദര്‍ശനവും സംഘത്തിനായി നടത്തി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായ വീടുകളുടെ ഉടമകളോടും പ്രദേശവാസികളോടും സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ്, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) എന്‍.കെ. എബ്രഹാം, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ ബാലഗോപാലന്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഡോ. ശ്രീജ, പഞ്ചായത്ത് പ്രസിഡൻറുമാര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.