തലശ്ശേരിയിൽ പത്തുപേർക്ക് തെരുവുനായുടെ കടിയേറ്റു

തലശ്ശേരി: തെരുവുനായുടെ കടിയേറ്റ് വിദ്യാർഥികൾ ഉൾപ്പെടെ പത്തുപേർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സൈദാർ പള്ളിക്ക് സമീപം അച്ചാരത്ത് േറാഡിലും ഗോപാലപ്പേട്ട, ചക്യത്ത്മുക്ക് ഭാഗങ്ങളിലുമാണ് നായുടെ ആക്രമണമുണ്ടായത്. അച്ചാരത്ത് റോഡിലെ നവാലിൽ നാദിഷ് (16), ഹംദിൽ റഫീഖ് (55), ടെമ്പിൾഗേറ്റിലെ രോഹിണി (65), ചക്യത്ത്മുക്കിലെ നഫീസ മൻസിലിൽ ഫാത്തിമത്തുൽ ഫിദ (12), നൗഷാദ് മൻസിൽ സഫ്രീന (30), അരയാൽ ഹൗസിൽ സത്യൻ (41), അസാമിൽ അഷ്ന (ഏഴ്), ചക്യത്ത്മുക്കിലെ ക്ലാസിക് മാർബിൾസിൽ ജോലി ചെയ്യുന്ന കണ്ണൂർ താണ സ്വദേശി നാസിം (21), ആഷിക് (26) എന്നിവരെയാണ് നായ് ആക്രമിച്ചത്. ഒരു നായാണ് എല്ലാവരെയും ഒാടി കടിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നാസിം, രോഹിണി, സഫ്രീന എന്നിവർക്കാണ് കാര്യമായ കടിയേറ്റത്. അച്ചാരത്ത് റോഡ്, ചക്യത്ത്മുക്ക് ഭാഗങ്ങളിൽ അടുത്തിടെയായി തെരുവുനായ് ശല്യം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു. അക്രമസ്വഭാവമുള്ള നായ്ക്കൾ പ്രദേശത്ത് ദിവസവും വിഹരിക്കുകയാണ്. വീട്ടുമുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ സീറ്റുകൾപോലും കടിച്ചുകീറി നശിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. രാവിലെ മദ്റസയിലേക്ക് കുട്ടികളെ പറഞ്ഞുവിടാൻ ഭയക്കുകയാണെന്ന് അച്ചാരത്ത് റോഡിലെ നിസാർ പറഞ്ഞു. തെരുവുനായ്ക്കൾ പെരുകുന്നത് സംബന്ധിച്ച് മുനിസിപ്പൽ അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കടിയേറ്റവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.