പാലാ ഉപതെരഞ്ഞെടുപ്പ്​: നയ നിലപാടുകൾ വ്യക്തമാക്കി എൻ.എസ്​.എസ്​

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ നയ നിലപാടുകൾ വ്യക്തമാക്കി നായർ സർവിസ് സൊസൈറ്റി. എൻ.എസ്.എസ് മുഖപത്രമായ 'സർവീസി' ൻെറ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ എൽ.ഡി.എഫ് സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്നതിനൊപ്പം പ്രതികരിക്കാൻ നിർബന്ധിതമാക്കുന്ന സാഹചര്യവും വ്യക്തമാക്കുന്നുണ്ട്. 'മുന്നാക്ക സമുദായ അംഗങ്ങളും ഈ നാടിൻെറ മക്കളാണെന്ന കാര്യം സർക്കാർ വിസ്മരിക്കരുത്' തലക്കെട്ടിൽ സർക്കാർ നടപടികളെ അക്കമിട്ട് നിരത്തിയാണ് വിമർശനം. കേന്ദ്ര സർക്കാറിൻെറ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായ ഏക അനുകൂല തീരുമാനം മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ 10 ശതമാനം സംവരണം നടപ്പാക്കിയതാണ്. നീതി നിഷേധിക്കപ്പെട്ട മുന്നാക്ക വിഭാഗങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ട ചില നല്ല തീരുമാനങ്ങള്‍ കഴിഞ്ഞ സംസ്ഥാന സർക്കാറിൻെറ ഭാഗത്തുനിന്നുണ്ടായെങ്കിലും അവ എങ്ങനെ അട്ടിമറിക്കാമെന്ന ശ്രമത്തിലാണ് ഇപ്പോഴത്തെ സർക്കാർ. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ രൂപവത്കരിച്ച് നടപ്പാക്കിയ മുന്നാക്ക സമുദായ ക്ഷേമ കോർപറേഷനുള്ള ഫണ്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു കാരണവുമില്ലാതെ സർക്കാർ തടഞ്ഞുവെച്ചതിനാൽ പ്രവർത്തനം നിർജീവമായി. സംവരണവ്യവസ്ഥ ഇല്ലാതിരുന്ന ദേവസ്വം നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ സംവരണേതര സമുദായങ്ങൾക്ക് നൽകേണ്ടിയിരുന്ന 18 ശതമാനം സംവരണം ചിലരുടെ എതിർപ്പുമൂലം നടപ്പാക്കാൻ അന്നത്തെ സർക്കാറിന് കഴിഞ്ഞില്ല. അത് പരിഹരിക്കാനെന്നവണ്ണം സംവരണേതര സമുദായങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ ക്രിയാത്മക നടപടി സംസ്ഥാന സർക്കാറിൻെറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ വിവേചനം ഒരു ജനാധിപത്യ സർക്കാറിന് യോജിച്ചതല്ലെന്ന് ഇനിയുമെങ്കിലും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.