ktba1 കൂത്തുപറമ്പിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നു

കൂത്തുപറമ്പ്: ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കാൻ നഗരസഭ വികസന സമിതി യോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനമൊരുക്കാനും യോഗത്തിൽ തീരുമാനമായി. കൂത്തുപറമ്പ് ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത്. പരിഷ്കരണത്തിൻെറ ഭാഗമായി, ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷ പാർക്കിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിൽ രണ്ടുവരി പാർക്കിങ്ങിനു പകരം ഓട്ടോറിക്ഷ പാർക്കിങ് ഒരു വരിയായി നിജപ്പെടുത്തും. അതോടൊപ്പം ജീപ്പ് സ്റ്റാൻഡിനായി ഉപയോഗിക്കുന്ന സ്ഥലം ഓട്ടോ സ്റ്റാൻഡായി മാറ്റാനും ടാക്സി സ്റ്റാൻഡിൽ ജീപ്പുകൾക്ക് പാർക്കിങ് അനുവദിക്കാനും തീരുമാനമായി. അടുത്ത മാസം മൂന്നുമുതൽ ടൗണിൽ ബസുകളുടെ സ്റ്റോപ് പരിമിതപ്പെടുത്താനും ട്രാഫിക് അവലോകന യോഗം തീരുമാനിച്ചു. ഓണക്കാലത്ത് ടൗണിലെത്തുന്ന തെരുവ് കച്ചവടക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി. സ്റ്റേഡിയം പരിസരത്താണ് വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക. ടൗണിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ട്രാഫിക് പരിഷ്കരണത്തിൻെറ ഭാഗമായി, പൊലീസിൻെറ സാന്നിധ്യത്തിൽ വിപുലമായ യോഗം വിളിച്ചുചേർക്കാനും നഗരസഭ വികസന സമിതി യോഗം തീരുമാനിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ കെ. ധനഞ്ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി, കൂത്തുപറമ്പ് സി.ഐ എം.പി. ആസാദ്, കൗൺസിലർമാർ, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ-സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.