തലശ്ശേരി-മാഹി ബൈപാസ്​ ബണ്ട് നിർമാണം വെള്ളപ്പൊക്കത്തിനിടയാക്കിയെന്ന്​

ചൊക്ലി: മയ്യഴിപ്പുഴ ഒഴുകുന്ന ചൊക്ലി പഞ്ചായത്തിലെ ഒളവിലം പാത്തിക്കൽ പ്രദേശത്ത് തലശ്ശേരി-മാഹി ബൈപാസിൻെറ ഭാഗമാ യി നിർമിച്ച ബണ്ട് കാരണം പ്രദേശം വെള്ളത്തിനടിയിലായതായി പരാതി. കടലും പുഴയും ചേരുന്ന സ്ഥലത്തിന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രമുള്ള പാത്തിക്കലിലാണ് നിരവധി വാഹനങ്ങൾ കടന്നുപോവുന്ന റോഡിൽ പുഴക്ക് കുറുക്കെ താൽക്കാലിക ബണ്ട് പാലം നിർമിച്ചത്. പ്രതിഷേധം കടുത്തതോടെ കേന്ദ്ര സേനയെത്തി പൊലീസിൻെറ സാന്നിധ്യത്തിൽ കെട്ടിയ ബണ്ടുകൾ പൊളിച്ചു നീക്കുകയായിരുന്നു. വെള്ളം ഭാഗികമായി തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളം കവിഞ്ഞ് പുഴയുടെ തീരപ്രദേശങ്ങളിലേക്ക് കയറാൻ തുടങ്ങി. ഇതാണ് ഇതുവരെ കാണാത്തനിലയിൽ ഒളവിലം, കരിയാട്, കിടഞ്ഞി തുടങ്ങി ചൊക്ലി ഗ്രാമപഞ്ചായത്തിലെയും പാനൂർ നഗരസഭയിലെയും വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. നിരവധി കുടുംബങ്ങളെയാണ് ഇതിൻെറ പരിസരത്തുനിന്ന് മാറ്റിപ്പാർപ്പിച്ചത്. പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് പെരിങ്ങാടി ഒളവിലം റോഡിലെ പാത്തിക്കൽ പാലവും തീരദേശ റോഡും വെള്ളത്തിലായിരുന്നു. നാലുദിവസം ഇതുവഴി വാഹനഗതാഗതവും കാൽനടയും സാധ്യമായിരുന്നില്ല. അശാസ്ത്രീയ ബണ്ട് നിർമിച്ചതിൽ ദുരൂഹതയുണ്ടെന്നും പാലം പണിയിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഹമീദ് കിടഞ്ഞി ആരോപിച്ചു. ഉത്തരവാദികളായവർക്കെതിരെ നിയമനടപടികൾക്കായി പരാതി കൊടുക്കാനും ഒരുങ്ങുകയാണ് ഇദ്ദേഹം. ഇ.കെ.കെ ഇൻഫ്രസ്ട്രക്ചർ മൂവാറ്റുപുഴ, പ്രോജക്ട് ഡയറക്ടർ, നാഷനൽ ഹൈവേ ഓഫ് ഇന്ത്യ എന്നിവക്കെതിരെ ചീഫ് സെക്രട്ടറിക്ക് നടപടിയെടുക്കാനും പ്രദേശത്തിനുണ്ടായ നഷ്ട പരിഹാരം ഈടാക്കണമെന്നും കാണിച്ച് പരാതി അയക്കാനൊരുങ്ങുകയാണ്. തുടർ നടപടികളുണ്ടാവാത്തപക്ഷം ഹൈകോടതിയെ സമീപിക്കാനുമാണ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.