അഴിയൂരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും

മാഹി: അഴിയൂർ പഞ്ചായത്തിലെ കക്കടവ്, അഴിയൂർ, കല്ലാമല, പനാട, അത്താണിക്കൽ, കോറോത്ത് റോഡ്, മുക്കാളി, കുഞ്ഞിപ്പള്ളി, കൊ ളരാട് തെരു, ചാരാങ്കയിൽ എന്നീ പ്രദേശങ്ങളിൽ കാലാവർഷക്കെടുതിയിൽ ഉണ്ടായ കനത്ത നഷ്ടങ്ങളെ തുടർന്നുള്ള ദുരിതാശ്വസ പ്രവർത്തനങ്ങൾ സി.കെ. നാണു എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. പഞ്ചായത്തിൽ ഒരുക്കിയ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 267 കുടുംബങ്ങളിലെ 706 പേരാണുള്ളത്. ഏകദേശം ആയിരത്തോളം പേർ ബന്ധു വീടുകളിലേക്ക് മാറി. 250ഓളം സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി കണക്ഷൻ പൂർണമായും തകരാറിലായി. 50 വീടുകൾ നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മുക്കാളി ടൗണിൽ ഉൾപ്പെടെ 10 കച്ചവട സ്ഥാപനങ്ങൾക്ക് നാശം സംഭവിച്ചു. വ്യവസായ എസ്റ്റേറ്റിലെ 20 സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകിയത് കാരണം 10 വീടുകൾ ഭാഗികമായി കേടുവന്നു. ചോമ്പാൽ സർവിസ് സഹകരണ ബാങ്കിൻെറ റേഷൻ കടയിൽ വെള്ളം കയറി അരിയടക്കം നശിച്ചു. ഫയർഫോഴ്സിൻെറ സേവനം പഞ്ചായത്തിന് ലഭിച്ചതിനാൽ അപകടങ്ങളുടെ തീവ്രത കുറയാൻ സഹായിച്ചു. മിനി സ്റ്റേഡിയത്തിലെ ഗാലറിയിൽ വെള്ളം കയറി. കുടിവെള്ള കിണറുകൾ വ്യാപകമായി മലിനമായതായും യോഗം വിലയിരുത്തി. തോണികളും ചങ്ങാടവും ഉപയോഗിച്ച് നിരവധിയാളുകളെയാണ് രക്ഷപ്പെടുത്തിയത്. അൽഹിക്ക്മ ചാരിറ്റബിൾ ട്രസ്റ്റ്, കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി, അഴിയൂർ കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി, ചോമ്പാൽ സർവിസ് സഹകരണ ബാങ്ക്, അഴിയൂർ സർവിസ് സഹകരണ ബാങ്ക്, മുക്കാളി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, എസ്.വൈ.എസ് സാന്ത്വനം ഗ്രൂപ്, ഡി.വൈ.എഫ്‌.ഐ, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ, കെയർ പനാട, ഷാർജ കെ.എം.സി.സി, ഹിദായ അത്താണി, റോട്ടറി ക്ലബ് വടകര, എൽ.വൈ.ജെ.ഡി, ബ്രദേഴ്സ് കുഞ്ഞിപ്പള്ളി എന്നീ സംഘടനകളുടെ സഹായം പുനരധിവാസ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. എല്ലാ ക്യാമ്പുകളിലും മെഡിക്കൽ സഹായം ലഭ്യമാക്കി. ഡോ.കെ. അബ്ദുൽ നസീർ, ഡോ. രാഹുൽ, ഡോ. രമ്യ, ഡോ. ഷംന, ഡോ. ജുനൈദ് എന്നിവർ നേതൃത്വം നൽകി, സന്നദ്ധപ്രവർത്തനം നടത്തിയവർക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.