അഞ്ച് വയസ്സുകാരന് എച്ച്.ഐ.വി ബാധയെന്ന്​; സ്വകാര്യ ലാബിനെതിരേ പരാതി

ചാവക്കാട്: ത്വക്ക് രോഗ ചികിത്സക്ക് രക്ത പരിശോധന നടത്തിയ അഞ്ച് വയസ്സുകാരന് എച്ച്.ഐ.വിയെന്ന് റിപ്പോർട്ട് കൊടുത്ത ചാവക്കാട്ടെ സ്വകാര്യ ലാബിനെതിരേ കുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ഡോക്ടറുടെ നിർദേശപ്രകാരം ചാവക്കാട് കോഴിക്കുളങ്ങരയിലെ മഹാലക്ഷ്മി ക്ലിനിക്കല്‍ ലാബിൽ രക്തപരിശോധന നടത്തിയ കൊടുങ്ങല്ലൂരിനടുത്തുള്ള കുട്ടിക്കാണ് എച്ച്.ഐ.വി ബാധയുടെ നേരിയ സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്ത് ഡോക്ടർ കാര്യം അറിയിച്ചപ്പോൾ കുട്ടിയുടെ രക്ഷകർത്താക്കൾ ഞെട്ടിപ്പോയി. തുടർന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ നാഷനല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ലാബിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും രക്തപരിശോധന നടത്തി. രണ്ടിടത്തും എച്ച്.ഐ.വി നെഗറ്റീവ് എന്നാണ് ഫലം വന്നത്. കുട്ടിയുടെ ബന്ധുക്കള്‍ മഹാലക്ഷ്മി ലാബിലെത്തി മറ്റ് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയെകുറിച്ചും റിപ്പോര്‍ട്ടിനെ കുറിച്ചും പറഞ്ഞപ്പോൾ അവർ തങ്ങളുടെ റിപ്പോർട്ടിനെ ന്യായീകരിച്ചു. കുട്ടിക്ക് എച്ച്.ഐ.വി പോസിറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബില്‍ നടത്തിയ പരിശോധന ഫലത്തില്‍ തെറ്റൊന്നുമില്ലെന്നും അവകാശെപ്പട്ട ലാബ് ഉടമയോട് മറ്റ് രണ്ട് ഫലങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കുട്ടിയുടെ പിതാവിനെയും ബന്ധുക്കളെയും ഇയാൾ ഭീഷണിപ്പെടുത്തിയത്രെ. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ചാവക്കാട് നഗരസഭ, ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് കുട്ടിയുടെ പിതാവ് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.